ദാകാർ: സെനഗൽ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ അഭിമാനമാണ് ഫുട്ബോൾ താരം സാദിയോ മാനെ. വന്നവഴി മറക്കാത്ത ലിവർപൂളിന്റെ സൂപ്പർ താരം ആശുപത്രി നിർമിക്കാനായി നാടിന് നൽകിയത് അഞ്ചു കോടി രൂപയാണ്.

ഇതുമായി ബന്ധപ്പെട്ട് സെനഗൽ പ്രസിഡന്റ് മാക്കി സാലുമായി ഈ മാസത്തിന്റെ തുടക്കത്തിൽ സാദിയോ മാനെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്വന്തം നാടായ ബംബാലിയിലാണ് ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രി നിർമിക്കുക.

സ്കൂൾ, സ്റ്റേഡിയം, പള്ളി എന്നിവയെല്ലാം നിർമിച്ചുനൽകി നേരത്തെ തന്നെ മാനെ സെനഗലിന്റെ പ്രിയ പുത്രനായിരുന്നു. സെനഗലിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ വീതം മാനെയുടെ ചാരിറ്റി ഫണ്ടിൽ നിന്ന് ലഭിക്കുന്നുണ്ട്. ഒരു ഗ്രാമത്തെ സ്ഥിരവരുമാനം നൽകി ദത്തെടുക്കുകയും ചെയ്തു. ഒപ്പം തുണി, ചെരുപ്പ്, ഭക്ഷണം, ഫുട്ബോൾ, ബൂട്ടുകൾ എന്നിവയെല്ലാം മാനെ സെനഗലിലെ ദരിദ്ര വീടുകളിൽ എത്തിക്കുന്നുണ്ട്. ലോകത്തിന് ലിവർപൂളിന്റെ ഫുട്ബോൾ താരം മാത്രമാണ് സാദിയോ മാനേയെങ്കിൽ സെനഗലുകാർക്ക് അങ്ങനെയല്ല, അവരുടെ ഹീറോയാണ്.

Content Highlights: Sadio Mane donates 5 crore to fund hospital in his hometown in Senegal