മുംബൈ: അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍. തന്റെ ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ ആദരാഞ്ജലി. ഇന്ത്യക്ക് ഇന്ന് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ എണ്ണിത്തിട്ടപ്പെടുത്താനാകില്ല. എന്റെ പ്രാര്‍ത്ഥനകള്‍ എപ്പോഴുമുണ്ട്. സച്ചിന്‍ ട്വീറ്റ് ചെയ്തു.
ബി.സി.സി.ഐയും വാജ്‌പേയിക്ക് ആദരമര്‍പ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി.സി.സി.ഐയും അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ ജീവിതം ഇന്ത്യയെ സേവിക്കാന്‍ വേണ്ടി ഉഴിഞ്ഞുവെച്ച രാഷ്ടീയ നേതാവായിരുന്നു വാജ്‌പേയ്. ബി.സി.സി.ഐ ട്വീറ്റ് ചെയ്തു.
ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച വൈകീട്ടോടെ ആയിരുന്നു വാജ്‌പേയിയുടെ അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ബുധനാഴ്ച ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. വ്യാഴാഴ്ച ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
Content Highlights: Sachin Tendulkar pays tribute to Atal Bihari Vajpayee