മുംബൈ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യയെ സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള ആളുകള്‍ ഇന്ത്യയിലുണ്ടെന്നും ഇന്ത്യക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് പുറത്തുനിന്നുള്ള ഒരാള്‍ പറഞ്ഞുതരേണ്ട ആവശ്യമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രീദി നേരത്തെ ട്വീറ്റ് ചെയ്തത്. ഐക്യരാഷ്ട്രസഭ പോലെയുള്ള സംഘടനകള്‍ രക്തച്ചൊരിച്ചിലൊഴിവാക്കാന്‍ ഒന്നും ചെയ്യാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നും അഫ്രീദി ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിന് മറുപടിയുമായി ഗൗതം ഗംഭീറും വിരാട് കോലിയുമടക്കമുള്ള നിരവധി ക്രിക്കറ്റ് താരങ്ങള്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണവും. സ്വന്തം രാജ്യത്തിനാകണം എപ്പോഴും മുന്‍ഗണന നല്‍കേണ്ടതെന്നും ഇന്ത്യക്കെതിരെ എന്തു പറഞ്ഞാലും അതിനെ താന്‍ പിന്തുണക്കില്ലെന്നുമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതികരണം. 

ഈ വിഷയത്തില്‍ ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. നമ്മുടെ കശ്മീരിനെക്കുറിച്ചും ഐക്യരാഷ്ട്രസഭയെക്കുറിച്ചും അഫ്രീദി പറഞ്ഞതില്‍ പ്രതികരണത്തിനായി മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു. അവരോട് എന്താണ് പറയുക? അഫ്രീദിയുടെ കൈയിലുള്ള നിഘണ്ടുവില്‍ യു.എന്‍ എന്ന് പറഞ്ഞാല്‍ അണ്ടര്‍ നയന്റീന്‍ എന്നാണ്. അഫ്രീദി ആ യു.എന്നിനെക്കുറിച്ചാകും പറഞ്ഞിട്ടുണ്ടാകുക. മാധ്യമങ്ങള്‍ക്ക് ശാന്തരാകാം. പതിവുപോലെ നോ ബോളിലെ വിക്കറ്റാണ് അഫ്രീദി ആഘോഷിക്കുന്നത്.' 

ഇത് ആദ്യമായല്ല അഫ്രീദി വിവാദ പരാമര്‍ശവുമായി രംഗത്തെത്തുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ കശ്മീരി ജനത പിന്തുണയ്ക്കുന്നുണ്ടെന്ന് 2016 മാര്‍ച്ചില്‍ അഫ്രീദി പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബി.സി.സി.ഐ രംഗത്തെത്തുകയും ചെയ്തു. 

കഴിഞ്ഞ ദിവസം മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാനും കശ്മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. പാക് ജനത കശ്മീര്‍ ജനതയ്ക്ക് ഒപ്പമാണെന്നും ഇന്ത്യ അടിച്ചമര്‍ത്തല്‍ നിര്‍ത്തണമെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

Content Highlights: Sachin Tendulkar on Shahid Afridi's Kashmir remark