ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ സന്ദര്‍ശിച്ച് ഇന്ത്യയുടെ അഭിമാനതാരം മീരാബായ് ചാനു. മുംബൈയിലെ വീട്ടിലെത്തിയ ചാനുവിനെ സച്ചിന്‍ സ്വീകരിച്ചു. ടോക്യോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചാനു ചരിത്രമെഴുതിയിരുന്നു.

സച്ചിനൊപ്പമുള്ള ചിത്രങ്ങള്‍ ചാനു ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ചാനുവിന്റെ ട്വീറ്റ് സച്ചിനും പങ്കുവെച്ചു. 'കാണാനായതില്‍ സന്തോഷം. മണിപ്പൂര്‍ മുതല്‍ ടോക്യോ വരെയുള്ള നിങ്ങളുടെ പ്രചോദനാത്മകമായ യാത്രയെ കുറിച്ച് സംസാരിക്കാനായത് സന്തോഷിപ്പിക്കുന്നു. ഇനിയും ഒരുപാട് ഇടങ്ങള്‍ എത്തിപ്പിടിക്കാനുണ്ട്. കഠിനധ്വാനം തുടരൂ.' സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാണ് ചാനു. 2000 സിഡ്‌നി ഒളിമ്പിക്‌സിലാണ് കര്‍ണം മല്ലേശ്വരി വെങ്കലം നേടിയത്. ടോക്യോ ഒളിമ്പിക്‌സിലെ ആദ്യ ദിനമായിരുന്നു ചാനുവിന്റെ വെള്ളിനേട്ടം.

Content Highlights: Sachin Tendulkar meets Tokyo Olympics silver medalist Mirabai Chanu