കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിലെ തന്റെ ഓഹരികള്‍ വിറ്റതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിച്ചു. 2014 മുതല്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമയായിരുന്നു സച്ചിന്‍.

ടീമിന്റെ ഇരുപത് ശതമാനം ഓഹരികളാണ് സച്ചിന്റെ കൈവശം ഉണ്ടായിരുന്നത്. സച്ചിന്റെ വാക്കുകളിലേക്ക്‌,

"കഴിഞ്ഞ നാലു കൊല്ലമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എന്റെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. ടീമിന്റെ ലക്ഷക്കണക്കിന് ആരാധകരുടെ എല്ലാ വികാരങ്ങളിലൂടെയും ഞാനും കടന്നുപോയിരുന്നു. 

കേരള ബ്ലാസ്റ്റഴ്‌സുമായുള്ള കൂട്ടുകെട്ട് എനിക്ക് കളിയോടുള്ള അഭിനിവേശം വീണ്ടും ജ്വലിപ്പിക്കാന്‍ സഹായിച്ചു. കേരളത്തിന്റെ കഴിവ് ദേശീയതലത്തിലേക്കെത്തിക്കാന്‍ എനിക്കും ഭാഗമാകാന്‍ കഴിഞ്ഞു. എനിക്ക് സന്തോഷം പകരുന്ന കാര്യങ്ങളില്‍ ഭാഗമാകുന്നത് ഞാനെപ്പോഴും ആസ്വദിക്കുന്നു.

അടുത്ത അഞ്ചു വര്‍ഷം ടീമിനെ സംബന്ധിച്ച് കൂടുതല്‍ നിര്‍ണായകമാണ്. ടീമുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. 

കേരള ബ്ലാസ്റ്റേഴ്‌സ് പ്രകടനത്തില്‍ ഇപ്പോള്‍ മികച്ച നിലയിലാണ്.  ആരാധകരുടെ പിന്തുണയോടെ ടീമിന് മികച്ച വിജയങ്ങള്‍ നേടി ഇനിയും മുന്നേറാനുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് എനിക്കേറെ അഭിമാനമുണ്ട്. എന്റെ ഹൃദയത്തില്‍ ടീമിനെപ്പോഴും ഒരു സ്ഥാനമുണ്ടായിരിക്കും". 

ഓഹരികള്‍ കൈമാറിയെങ്കിലും മഞ്ഞപ്പടയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സച്ചിന്‍ പറഞ്ഞു. 

Sachin Tendulkar, Kerala Blasters, ISL, Stake, Lulu Group