ക്രിക്കറ്റില്‍ സമാനതകളില്ലാത്ത ഇതിഹാസങ്ങളാണ് സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും. ഐതിഹാസികമായ കരിയറിനൊടുവില്‍ ഇരുവരും ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.  ലാറ 2007ലും സച്ചിന്‍ 2012ലും വിരമിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ബാറ്റെടുത്ത് പിച്ചിലിറങ്ങാന്‍ ഒരുങ്ങുകയാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ട്വന്റി 20 പരമ്പരയിലാണ് ഇരുവരും കളിക്കാന്‍ ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ഇന്ത്യ തുടങ്ങിയ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് പരമ്പരയില്‍ കളിക്കുന്നത്.

ലാറയ്ക്കും സച്ചിനും പുറമെ വീരേന്ദര്‍ സെവാഗ്, ബ്രെറ്റ് ലീ, തിലകരത്‌നെ ദില്‍ഷന്‍, ജോണ്ടി റോഡ്‌സ് എന്നിവരും കളിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി രണ്ട് മുതല്‍ 16 വരെയാണ് പരമ്പര.

ടെസ്റ്റിലും ഏകദിനത്തിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് നാല്‍പത്തിയാറുകാരനായ സച്ചിന്‍. രണ്ട് ഫോര്‍മാറ്റിലമായി മുപ്പത്തിനാലായിരത്തിലേറെ റണ്‍സും 100 സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. 2008ലാണ് സച്ചിന്‍ ലാറയെ മറികടന്ന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കിയത്. എങ്കിലും ടെസ്റ്റില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിന്റെ ഉടമ ഇപ്പോഴും ലാറ തന്നെയാണ്. 2004ല്‍ ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റണ്‍സാണ് ലാറയുടെ പേരിലുള്ള റെക്കോഡ് സ്‌കോര്‍.

Content Highlights: Sachin Tendulkar, Brian Lara, T20, Cricket