വാഷിങ്ടണ്‍: ലോകത്തെ അതിസമ്പന്നരുടെയും മറ്റും രഹസ്യ ഇടപാടുകളും നികുതിവെട്ടിപ്പും വെളിപ്പെടുത്തിയ 'പാന്‍ഡൊറ പേപ്പേഴ്‌സ്' പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. 

അതിസമ്പന്നരുടെ രഹസ്യനിക്ഷേപങ്ങള്‍ 'പാനമ രേഖകള്‍' എന്നപേരില്‍ 2016-ല്‍ പുറത്തുവിട്ട ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐ.സി.ഐ.ജെ.) ആണ് 'പാന്‍ഡൊറ രേഖകള്‍'ക്കു പിന്നിലുമുള്ളത്. ബിബിസി, ദ ഗാര്‍ഡിയന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങി 150-ഓളം മാധ്യമസ്ഥാപനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്ന പാന്‍ഡൊറ പേപ്പേഴ്‌സിനു പിന്നില്‍.

ഇന്ത്യ, റഷ്യ, യു.എസ്., മെക്‌സിക്കോ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 130-ലേറെ ശതകോടീശ്വരരുടെ രഹസ്യ ഇടപാടുകളാണ് രേഖകളിലുള്ളത്. 

നേരത്തെ 'പാനമ രേഖകള്‍' പുറത്തുവന്ന പശ്ചാത്തലത്തില്‍ പലരും നിക്ഷേപത്തിന് പുതിയ രാജ്യങ്ങള്‍ തേടിപ്പോകുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ വന്ന് മൂന്നുമാസം കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സിലുണ്ടായിരുന്ന നിക്ഷേപം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒഴിവാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇപ്പോള്‍ പുറത്തുവന്ന സച്ചിന്റെ വിദേശ നിക്ഷേപം നിയമാനുസൃതമാണെന്നും ഇക്കാര്യം ആധായനികുതി വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും സച്ചിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: Sachin Tendulkar among celebrities named in Pandora Papers leak