മുംബൈ: ക്രിക്കറ്റ് കരിയറില്‍ ഇരുട്ടു വീഴ്ത്തിയ ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. 10 ലക്ഷം രൂപയ്ക്കുവേണ്ടി താന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ശ്രീശാന്ത് ചോദിക്കുന്നു. സ്പോര്ട്സ്കീടയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
'ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി? പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍.
എല്ലാ കാശ് ഇടപാടുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ഥനയാണ് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത്.
ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലും ഇല്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് ഞാന്‍ എറിഞ്ഞത്', ശ്രീശാന്ത് വ്യക്തമാക്കുന്നു.
2013-ലാണ് ശ്രീശാന്തും മറ്റു രണ്ട് രാജസ്ഥാന് റോയല്‍സ് താരങ്ങളും ഒത്തുകളി വിവാദത്തില്‍ കുരുങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശ്രീശാന്ത് കുറ്റവിമുക്തനായി. ബിസിസിഐയുടെ വിലക്ക് കൂടി അവസാനിച്ചതോടെ വീണ്ടും ക്രീസിലെത്തിയിരിക്കുകയാണ് മലയാളി താരം. 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും മലയാളി താരം സ്വന്തമാക്കിയിട്ടുണ്ട്. 10 ട്വന്റി-20യില്‍ നിന്ന് ഏഴു വിക്കറ്റാണ് സമ്പാദ്യം.
Content Highlights: S Sreesanth reveals details behind IPL spot fixing saga
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..