ന്യൂയോര്‍ക്ക്: ബലാത്സംഗ കേസില്‍ യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ കുടുക്കിലേക്ക്. 

റൊണാള്‍ഡോക്കെതിരേ ആരോപണം ഉന്നയിച്ച യുവതിയുടെ പരാതിയില്‍ ലാസ് വെഗാസ് പോലീസ് കേസില്‍ പുനരന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ റൊണാള്‍ഡോയില്‍ നിന്ന് തനിക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റൊണാള്‍ഡോക്കെതിരേ ആരോപണമുന്നയിച്ച കാതറിന്‍ മയോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്ലി മാര്‍ക്ക് സ്റ്റൊവാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്നെ ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്കും റൊണാള്‍ഡോയില്‍ നിന്ന് സമാന അനുഭവം ഉണ്ടായതായി പറഞ്ഞുവെന്നും സ്റ്റൊവാള്‍ വെളിപ്പെടുത്തി. 

യുവതിയുടെ പേര് വെളിപ്പെടുത്താന്‍ പക്ഷേ അദ്ദേഹം തയ്യാറായില്ല. മെട്രോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷമാണ് തനിക്ക് റൊണാള്‍ഡോയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് യുവതി പറഞ്ഞത്. 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കാതറിന്‍ മയോര്‍ഗയുടെ പരാതിയില്‍ ലാസ് വെഗാസ് പോലീസ് കേസ് വീണ്ടും അന്വേഷിക്കാന്‍ ആരംഭിച്ചത്. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗയുടെ ആരോപണം. മയോര്‍ഗ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുമ്പോഴാണ് മറ്റൊരു ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്.

Content Highlights: ronaldo accused of sexual assault by second woman claims lawyer