
Rohit Sharma on Delhi Violence Photo Courtesy: BCCI|Reuters
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. അത്ര നല്ല കാഴ്ച്ചകളല്ല ഡല്‍ഹിയിലെന്നും എല്ലാം പെട്ടെന്ന് ശാന്തമാവുമെന്ന് പ്രതീക്ഷിക്കാമെന്നും രോഹിത് ട്വീറ്റ് ചെയ്തു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രോഹിതിന്റെ പ്രതികരണം.
ഇതോടെ നിരവധി പേര് രോഹിത്തിനെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തി. ന്യൂഡല്‍ഹിയില്‍ ജനിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മൗനം തുടരുമ്പോള്‍ പ്രതികരിക്കാനായി വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ വേണ്ടി വന്നു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ് . ഇക്കാര്യം വിളിച്ചുപറയാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ എന്നും ട്വീറ്റിന് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ടീമില്‍ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം ആദ്യമായിട്ടാണ് കലാപത്തെ കുറിച്ച് സംസാരിക്കുന്നത്. അതേസമയം മുന്‍ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ കലാപത്തെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ച ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്കെതിരേ നടപടിയെടുക്കണമെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുന്‍താരങ്ങളായ വീരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും തങ്ങളുടെ പ്രതികരണമറിയിച്ചിരുന്നു.
എല്ലാത്തിന്റേയും അവസാനം നമ്മള് മനുഷ്യരാണെന്നും പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയുമാണ് വേണ്ടതെന്നും യുവി ട്വീറ്റ് ചെയ്തു. 'ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത് അപലപനീയമാണ്. സമാധാനം ഉറപ്പുവരുത്താന്‍ എല്ലാവരും ശാന്തരായിരിക്കണം. ആരെയെങ്കിലും പരിക്കേല്‍പ്പിക്കുന്നതും ആക്രമിക്കുന്നതും രാജ്യതലസ്ഥനാത്തിന് കളങ്കമാണ്.' ഡല്‍ഹി സ്വദേശിയായ സെവാഗിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
Content Highlights: Rohit Sharma On Delhi Violence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..