മുംബൈ: വിജയത്തിന് തൊട്ടടുത്ത് വരെ എത്തിയിട്ട് തോല്‍ക്കുക. അങ്ങനെ ഒരു തോല്‍വിയില്‍ നിന്നുള്ള നിരാശ മായാന്‍ കാലങ്ങളെടുക്കും. ഉണങ്ങാത്ത ഒരു മുറിവായി അത് എപ്പോഴും നമ്മുടെ മനസ്സിലുണ്ടാകും. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ രവീന്ദ്ര ജഡേജയെ സംബന്ധിച്ച് അങ്ങനെ ഒരു മത്സരമായിരുന്നു. അവസാനം വരെ പോരാടി ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയ ശേഷമാണ് താരം പുറത്തായത്.

ഇപ്പോഴും ആ തോല്‍വിയുടെ നിരാശയിലും സങ്കടത്തിലുമാണ് ജഡേജയെന്ന് ഭാര്യ റിവാബ ജഡേജ പറയുന്നു. 'മത്സരശേഷം അദ്ദേഹത്തെ എനിക്ക് ആശ്വ സിപ്പിക്കാനായില്ല. ഞാന്‍ ഔട്ട് ആയില്ലെങ്കില്‍ നമുക്ക് വിജയിക്കാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. ജയത്തിന്റെ തൊട്ടടുത്ത് തോറ്റുപോയതിന്റെ ഇരട്ടി വേദനയാണത്. അതില്‍ നിന്ന് മുക്തനാകാന്‍ ഒരുപാട് സമയമെടുക്കും'. റിവാബ പറയുന്നു.

അദ്ദേഹത്തിന്റെ കരിയര്‍ നോക്കിയാല്‍ നിര്‍ണായക മത്സരങ്ങളില്‍ അവസരത്തിനൊത്ത് കളിച്ചതായി കാണാം. വിക്കറ്റെടുത്തും റണ്‍സ് നേടിയിട്ടും അദ്ദേഹം തിളങ്ങാറുണ്ട്. 2013 ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നേടിയപ്പോള്‍ അദ്ദേഹമായിരുന്നു കളിയിലെ താരം. റിവാബ അഭിമുഖത്തില്‍ പറയുന്നു. സെമിഫൈനലിന് ശേഷം മുതിര്‍ന്ന താരങ്ങളും ആരാധകരും ജഡേജയെ കുറിച്ച് നല്ല വാക്കുകളാണ് പറയുന്നതെന്നും റിവാബ ഓര്‍മിപ്പിക്കുന്നു. 

Content Highlights: Rivaba Jadeja on Ravindra Jadeja and India vs New Zealand World Cup Semi Final