Rishabh Pant | Photo: Hannah Peters/Getty Images
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഒന്നര വര്‍ഷത്തോളം എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ പൂര്‍ണമായും ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന. അതിനാല്‍ ചികിത്സയ്ക്ക് ശേഷവും മാസങ്ങളോളം വിശ്രമം ആവശ്യമായി വന്നേക്കും. ഇതോടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ മത്സരങ്ങള്‍ പന്തിന് നഷ്ടമാകും.
ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ പന്തിന് നഷ്ടമാകുമെന്ന്
ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതിനുപുറമേ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പകുതിയോളം മത്സരങ്ങളും 2024 ഐ.പി.എല്ലും അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ട്വന്റിട്വന്റി ലോകകപ്പും അടുത്ത ഏഷ്യാ കപ്പിലും പന്ത് കളിച്ചേക്കില്ല.
നിലവില്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള പന്ത് ചികിത്സ പൂര്‍ത്തിയാകും വരെ അവിടെ തന്നെ തുടരും. നേരത്തെ ഡെറാഡൂണിലെ ആശുപത്രിയിലായിരുന്ന പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ബിസിസിഐ എയര്‍ലിഫ്റ്റ് ചെയ്താണ് മുംബൈയിലേക്ക് മാറ്റിയത്.
അപകടത്തില്‍ പന്തിന്റെ വലത് കാല്‍മുട്ടിന്റെ ലിഗ്മെന്റിനേറ്റ പരിക്ക് ഭേദമാകാനാണ് കൂടുതല്‍ സമയമെടുക്കുക. ഇതിനുപുറമേ വലത് കൈത്തണ്ട, കണങ്കാല്, കാല്‍വിരല്‍, നെറ്റി എന്നിവിടങ്ങളിലും താരത്തിന് പരിക്കേറ്റിരുന്നു.
കാല്‍മുട്ടിലെ ലിഗ്മെന്റിനേറ്റ പരിക്കില്‍ ഇതിനോടകം രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞു. വിക്കറ്റിന് പിന്നിലെ ചടുലമായ നീക്കങ്ങള്‍ക്ക് കാല്‍മുട്ടിലെ പരിക്ക് ഭേദമാകേണ്ടത് ഏറെ നിര്‍ണായകമാണ്. തിരക്കുപിടിച്ച് പരിക്ക് ഭേദമാക്കാനാകില്ലെന്നും ചികിത്സ കഴിഞ്ഞ് കായികക്ഷമത വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും പന്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒന്നര വര്‍ഷം പൂര്‍ണമായും വിശ്രമത്തിലേക്ക് മാറുന്നതിനാല്‍ പന്തിന്റെ ക്രിക്കറ്റ് ഭാവിയെക്കുറിച്ചും കായിക പ്രേമികള്‍ക്ക് ആശങ്കയുണ്ട്. ഇത്ര ദീര്‍ഘമായ കാലയളവ് കഴിഞ്ഞ് കളിക്കളത്തിലേക്ക് തിരിച്ചെത്തുക എന്നത് ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചടത്തോളം വലിയ വെല്ലുവിളി കൂടിയാണ്.
Content Highlights: Rishabh Pant to Miss All Cricket in 2023 And a Lot More
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..