ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പന്ത് ഇക്കാര്യം അറിയിച്ചത്. 

ഞായറാഴ്ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. 

Rishabh Pant to donate match fees to Uttarakhand Glacier Burst rescue efforts

ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

154 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒപ്പംതന്നെ 25 പേരെ രക്ഷപ്പെടുത്തിയെന്നും വിവരം പുറത്തുവരുന്നുണ്ട്. 13 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടുതുരങ്കങ്ങളിലായി നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തപോവന്‍ തുരങ്കത്തിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുളള ദൗത്യം പുരോഗമിക്കുകയാണ്.

ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്.

Content Highlights: Rishabh Pant to donate match fees to Uttarakhand Glacier Burst rescue efforts