Photo: ANI
ദെഹ്റാദൂണ്‍: വാഹനാപകടത്തില്‍പ്പെട്ട് ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സക്കായി ആകാശമാര്‍ഗം മുംബൈയിലേക്ക് മാറ്റുമെന്ന് ബിസിസിഐ.
കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരിക്കിന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും ബിസിസിഐ അറിയിച്ചു. താരത്തെ ദെഹ്റാദൂണില്‍ നിന്ന് മുംബൈയിലേക്ക് മാറ്റാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ബിസിസിഐ ചെയ്തിട്ടുണ്ട്. ആകാശമാര്ഗമാകും താരത്തെ മുംബൈയിലേക്ക് മാറ്റുക.
മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലും മെഡിക്കല്‍ റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ടിലുമായിട്ടായിരിക്കും പന്തിന്റെ തുടര്‍ചികിത്സ. ആര്‍ത്രോസ്കോപ്പി ആന്‍ഡ് ഷോള്‍ഡര്‍ സര്‍വീസ് ഡയറക്ടറും സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് മെഡിസിന് മേധാവിയുമായ ഡോക്ടര്‍ ദിന്‍ഷോ പര്‍ദിവാലയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും താരത്തിന്റെ ചികിത്സ.
ഇക്കഴിഞ്ഞ 30-ാം തീയതി പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഡല്‍ഹി - ദെഹ്റാദൂണ്‍ ദേശീയപാതയിലെ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകത്തി. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാണ റോഡ്വെയ്സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്നും കണ്ടക്ടര്‍ പരംജീത്തും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.
അപകടത്തില്‍ താരത്തിന്റെ വലതുകാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേറ്റതിന് പുറമെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. വലത് കൈത്തണ്ട, കണങ്കാല്, കാല്‍വിരല്‍ എന്നീ ഇടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് ദെഹ്റാദൂണിലെ മാക്സ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. എന്നാല്‍, ഗുരുതര പരിക്കുകളില്ല. നെറ്റിയിലെ പരിക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തു.
Content Highlights: Rishabh Pant to be air lifted to Mumbai will undergo surgery BCCI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..