Photo: PTI
ദെഹ്റാദൂണ്‍: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഈ വര്‍ഷത്തെ ഐ.പി.എല്‍. പൂര്‍ണമായും നഷ്ടമാകും. ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് പന്ത്. മാര്‍ച്ച് 20-നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
അപകടത്തില്‍ പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളാണുള്ളത്. വലതുകാല്‍മുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാല്, കാല്‍വിരല്‍ എന്നീ ഇടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് ദെഹ്റാദൂണിലെ മാക്സ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. എന്നാല്‍, ഗുരുതരപരിക്കുകളില്ല. നെറ്റിയിലെ പരിക്കിന് ശനിയാഴ്ച പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. വിദഗ്ധചികിത്സയ്ക്കായി താരത്തെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും.
കാല്‍മുട്ടിലെ ലിഗമെന്റിന്റെ പരിക്കുകള്‍ സുഖപ്പെടുന്നതിന് മൂന്നുമുതല്‍ ആറുമാസംവരെയെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെയാണ് താരത്തിന് ഐ.പി.എലും ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയും നഷ്ടമാകുമെന്നുറപ്പായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഋഷഭ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തി. ഗ്ലാസ് തകര്‍ത്താണ് ഋഷഭ് പുറത്തുചാടിയത്.
ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേയില്‍ ദെഹ്റാദൂണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ നര്‍സനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മാതാപിതാക്കളെ കാണുന്നതിനായാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത് തന്റെ കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസിന്റെ ജി.എല്‍.ഇ. കാറാണ് താരം ഉപയോഗിച്ചത്. എന്നാല്‍ ഡല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയില്‍ വെച്ച് താരത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ചു. പുലര്‍ച്ചെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം പിന്നീട് പൂര്‍ണമായും കത്തി നശിച്ചു.
ഡ്രൈവിങ്ങിനിടെ പന്ത് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) അശോക് കുമാര്‍ പറഞ്ഞു. താരം തന്നെ ഇക്കാര്യം പോലീസിനോട് സൂചിപ്പിച്ചെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Rishabh Pant likely to miss IPL 2023 and India vs Australia Test series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..