ദുബായ്: ഐപിഎല്‍ അടുത്ത സീസണിലേക്കുള്ള രണ്ട് പുതിയ ടീമിനെ തിരഞ്ഞെടുക്കാനുള്ള ലേലത്തില്‍ മുന്‍ ഇന്ത്യന്‍ താരം എംഎസ് ധോനിക്ക് ഓഹരിയുണ്ടെന്ന പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് ആന്റ് മാനേജ്‌മെന്റ് കമ്പനിയായ റിതി സ്‌പോര്‍ട്‌സും. ദുബായില്‍ പുരോഗമിക്കുന്ന ലേലത്തില്‍ അവസാന പത്ത് കമ്പനികള്‍ക്കൊപ്പമാണ് റിതി സ്‌പോര്‍ട്‌സും ടീമിനായി രംഗത്തുള്ളത്. നിലവില്‍ ധോനിയുടെ അടുത്ത സുഹൃത്തായ അരുണ്‍ പാണ്ഡയാണ് റിതി സ്‌പോര്‍ട്‌സിന്റെ തലവന്‍.  

 ഓരോ ടീമില്‍ നിന്നും 7000 മുതല്‍ 10,000 കോടിരൂപ വരെ വരുമാനം ലഭിക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) പ്രതീക്ഷിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. ലേലത്തില്‍ പങ്കെടുക്കാനായി 22 കമ്പനികള്‍ അപേക്ഷ വാങ്ങിയിരുന്നെങ്കിലും പ്രധാനപ്പെട്ട പത്ത് കമ്പനികളാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്.

അഹമ്മദാബാദ് ആസ്ഥാനമായ ടീമിനുവേണ്ടി അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി രംഗത്തുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പും ടീമിനായി കളത്തിലുണ്ട്. വന്‍ വ്യവസായി സഞ്ജീവ് ഗോയങ്കയുടെ ആര്‍.പി.എസ്.ജി ഗ്രൂപ്പും ടീമിനുവേണ്ടി ശ്രമിക്കുന്നുണ്ട്. ഒരു ടീമിനായി കുറഞ്ഞത് 3500 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ ലാന്‍സര്‍ ഗ്രൂപ്പും (ഗ്ലേസര്‍ കുടുംബം) ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവരോടൊപ്പമാണ് റിതി സ്‌പോര്‍ട്‌സും മത്സരിക്കുന്നത്. 

റിതി സ്‌പോര്‍ട്‌സില്‍ ധോനിക്ക് 15 ശതമാനം ഓഹരിയുണ്ടെന്നും ഭാര്യ സാക്ഷി സിങ്ങ് കമ്പനി ഡയറക്ടറുമാണെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. കമ്പനി വാങ്ങിച്ച ഓഹരികള്‍ക്ക്‌ പണം നല്‍കിയില്ലെന്ന പേരില്‍ സാക്ഷിക്കെതിരേ കേസുമുണ്ടായിരുന്നു. ധോനിയുടെ പരസ്യക്കരാറുകള്‍ അടക്കമുള്ള മാര്‍ക്കറ്റിങ് നടത്തുന്നതിനൊപ്പം ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഓജ, ആര്‍.പി സിങ്ങ് എന്നിവരുടെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിതി സ്പോര്‍ട്സ് ആണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

Content Highlights: Rhiti Sports Enters Race For New IPL Team Joins 9 Bidders