ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നീക്കണമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങ്. പാകിസ്താന്റെ മരുമകളാണ് സാനിയയെന്നും അങ്ങനെ ഒരു വ്യക്തിയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി വേണ്ടെന്നും രാജാ സിങ്ങ് വ്യക്തമാക്കി. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി. എം.എല്‍.എയുടെ പ്രതികരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു വേഗത്തില്‍ നടപടിയെടുക്കണമെന്നും രാജാ സിങ്ങ് പറയുന്നു. ഹൈദരാബാദിലെ ഘോഷാമഹല്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രാജാ സിങ്ങ്. 

സാനിയക്ക് പകരം ആളുകളേയും രാജാ സിങ്ങ് നിര്‍ദേശിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണ്‍, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാള്‍, പി.വി സിന്ധു എന്നിവരില്‍ ആരെയെങ്കിലും ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കണമെന്നും രാജാ സിങ്ങ് പറയുന്നു. 2014-ലാണ് തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി സാനിയ മിര്‍സയെ തെരഞ്ഞെടുത്തത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാനിയക്കെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ഭീകരാക്രമണത്തെ അപലപിച്ചുള്ള പോസ്റ്റില്‍ പാകിസ്താനാണ് ആക്രമണത്തിന് പിന്നിലെന്ന് സാനിയ ചൂണ്ടിക്കാട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേ സമയം വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കൂടെയാണെന്നും അവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും സാനിയ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 14ന് ഇന്ത്യക്കാര്‍ക്ക് കറുത്ത ദിനമാണെന്നും ഇനിയൊരിക്കല്‍ കൂടി അങ്ങനെയൊരു ദിവസമുണ്ടാകരുതെന്നും സാനിയ പോസ്റ്റില്‍ പറഞ്ഞിരുന്നു.

 

Read More: 'സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ എണ്ണുന്നതിന് പകരം രാജ്യത്തെ സേവിക്കാനുള്ള വഴികള്‍ കണ്ടെത്തൂ'

Content Highlights: Remove Sania Mirza as Telangana Ambassador says BJP MLA Raja Singh