
Image Courtesy: Twitter
ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വലന്‍സിയയ്ക്കെതിരെ കോര്‍ണര്‍ നേരിട്ട് ഗോളാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസ്. മത്സരത്തിന്റെ 15-ാം മിനിറ്റിലാണ് സ്വന്തം ടീം അംഗങ്ങളെ പോലും ഞെട്ടിച്ച് ക്രൂസ്, താനെടുത്ത കോര്‍ണര്‍ നേരിട്ട് വലയിലെത്തിച്ചത്.
ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന റയര്‍ മാഡ്രിഡ് - വലന്‍സിയ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയിലായിരുന്നു ക്രൂസിന്റെ വണ്ടര്‍ ഗോള്‍. ക്രൂസിനെ കൂടാതെ ഇസ്കോയും ലൂക്കാ മോഡ്രിച്ചും സ്കോര്‍ ചെയ്തപ്പോള്‍ വലന്‍സിയയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ കടന്നു.
റയലിന് അനുകൂലമായി ലഭിച്ച കോര്‍ണറെടുക്കാന്‍ ക്രൂസ് തയ്യാറെടുക്കുമ്പോള്‍ വലന്‍സിയ ഗോള്‍കീപ്പര്‍ ഡൊമിനിക്ക് കളിക്കാരുമായി സംസാരിച്ച് മുന്നോട്ടുകയറി നില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്രൂസ് പെട്ടെന്ന് തന്നെ കോര്‍ണര്‍ എടുത്തു. മഴവില്ലുപോലെ വളഞ്ഞെത്തിയ പന്ത് തടയാന്‍ ഡൊമിനിക്ക് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ കൈയില്‍ തട്ടി പന്ത് വലയില്‍ തന്നെ പതിച്ചു.
ക്രൂസിന്റെ വണ്ടര്‍ ഗോളിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്‍ജുറി ടൈമില്‍ ഡാനിയല്‍ പറേജോയാണ് വലന്‍സിയയുടെ ആശ്വാസ ഗോള്‍ നേടിയത്. വ്യാഴാഴ്ച നടക്കുന്ന ബാഴ്സലോണ - അത്ലറ്റിക്കോ മാഡ്രിഡ് സെമിയിലെ വിജയികളെ റയല്‍ ഫൈനലില്‍ നേരിടും.
Content Highlights: Real Madrid’s Toni Kroos scores direct from corner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..