മുംബൈ: എം.എസ് ധോനിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രി. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന വാദപ്രതിവാദങ്ങള്‍ക്കിടയിലാണ് രവി ശാസ്ത്രി മറുപടിയുമായി രംഗത്തെത്തിയത്. എത്രയും പെട്ടെന്ന് തന്നെ ധോനി വിരമിക്കുമെന്നും എന്നാല്‍ ആ തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ ധോനി മാത്രം എടുക്കേണ്ടതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

രൂക്ഷമായ ഭാഷയിലാണ് രവി ശാസ്ത്രി ധോനിയുടെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയത്. സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോനിയെ വിമര്‍ശിക്കുന്നവരില്‍ പകുതി പേരും എന്നായിരുന്നു രവി ശാസ്ത്രിയുടെ കമന്റ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ പരിശീലകന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. 

'ധോനി രാജ്യത്തിന് വേണ്ടി നേടിയ നേട്ടങ്ങള്‍ കാണാതെ പോകരുത്. അദ്ദേഹത്തെ എത്രയും പെട്ടന്ന് ക്രിക്കറ്റില്‍ നിന്ന് പറഞ്ഞുവിടണമെന്ന് ആളുകള്‍ക്ക് എന്താണ് ഇത്ര ആഗ്രഹം? എന്തിനാണ് ഇത്രയും ധൃതി കൂട്ടുന്നത്? അദ്ദേഹം ഈ അടുത്തുതന്നെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്ന കാര്യം അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. അതിന് അനുവദിക്കുക. സമയം കൊടുക്കുക. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ധോനിയെ അവഹേളിക്കുന്നതിന് തുല്ല്യമാണ്. 15 വര്‍ഷത്തോളം ഇന്ത്യക്ക് വേണ്ടി കളിച്ച ധോനിക്ക് അറിയില്ലേ എപ്പോഴാണ് വിരമിക്കേണ്ടത് എന്ന കാര്യം. ടെസ്റ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് ഓര്‍മ്മയുണ്ടോ? വിക്കറ്റ് കീപ്പിങ് ഗ്ലൗ വൃദ്ധിമാന്‍ സാഹയക്ക് കൈമാറുന്നു എന്നും സാഹ അതിന് യോഗ്യനാണ് എന്നുമായിരുന്നു. അന്ന് ധോനി പറഞ്ഞത് കൃത്യമായിരുന്നു.' ശാസ്ത്രി പറയുന്നു.  

Content Highlights: Ravi Shastri slams MS Dhoni's critics again