മുംബൈ: ഋഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റിയെടുക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും  തബല വായിക്കാനല്ല താൻ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഇരിക്കുന്നതെന്നും രവി ശാസ്ത്രി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. നേരത്തെ മോശം ഫോമില്‍ കളിക്കുന്ന ഋഷഭിനെ വിമര്‍ശിച്ച ശാസ്ത്രിയെ കുറ്റപ്പെടുത്തി മുന്‍ താരങ്ങളായ ഗൗതം ഗംഭീറും യുവരാജ് സിങ്ങും രംഗത്തെത്തിയിരുന്നു. ഋഷഭിനെ കൈയൊഴിയുന്നതിന് പകരം താരത്തോട് സംസാരിച്ച് ആത്മവിശ്വാസം പകരുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ചെയ്യേണ്ടത് എന്നായിരുന്നു ഗംഭീറും യുവരാജും പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ശാസ്ത്രിയുടെ പ്രതികരണം. 

തികച്ചും വ്യത്യസ്തനായ താരമാണ് ഋഷഭ്. വളരെ സ്‌പെഷ്യലായുള്ള ബാറ്റ്‌സ്മാനാണ്. ലോകോത്തര നിലവാരമുള്ള കളിയും മാച്ച് വിന്നറുമാണ്. ഏകദിനത്തിലും ട്വന്റി-20യിലും ഋഷഭിനെപ്പോലെ അധികം താരങ്ങളെ നമുക്ക് കാണാനാകില്ല, അതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഋഷഭിന് കൃത്യമായ ഇടമുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ഋഷഭ് പഠിക്കാനുണ്ട്. ടീം മാനേജ്‌മെന്റിന്റെ സമ്പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്-ശാസ്ത്രി വ്യക്തമാക്കി. 

ടീം മാന്‌മെന്റിനുള്ളില്‍ നിന്നുതന്നെ ഋഷഭിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന വാദവും ശാസ്ത്രി തള്ളിക്കളഞ്ഞു. ഋഷഭ് പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ശാസിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ തിരുത്തേണ്ടത് പരിശീലകനെന്ന നിലയില്‍ എന്റെ കടമയാണ്. അല്ലാതെ തബല വായിക്കാനല്ല ഞാന്‍ പരിശീലകനായി ഇരിക്കുന്നത്. അതിന് ടീം മാനേജ്‌മെന്റിനെ പ്രതിയാക്കുന്നത് ശരിയല്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Ravi Shastri defends pulling up Rishabh Pant