ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ താരമാണ് രവി കുമാര്‍ ദഹിയ. ഫൈനലില്‍ റഷ്യന്‍ താരം സവുര്‍ ഉഗെവിനോട് തോറ്റാണ് രവികുമാറിന്റെ പോരാട്ടം വെള്ളിയില്‍ ഒതുങ്ങിപ്പോയത്. 

എന്നാല്‍ കസാഖ്‌സ്താന്‍ താരമായ നൂറിസ്ലാം സനയെവുമായുള്ള സെമി ഫൈനല്‍ മത്സരമായിരുന്നു രവികുമാറിന് കൂടുതല്‍ കടുപ്പം. മത്സരത്തിനിടെ സനയെവിന്റെ ക്രൂരമായ കടി മറികടന്നായിരുന്നു താരത്തിന്റെ മുന്നേറ്റം.

ഇപ്പോഴിതാ അന്നത്തെ ആ കടിയെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രവികുമാര്‍. സനയെവ് അടുത്ത ദിവസം തന്നെ വന്ന് മാപ്പ് പറഞ്ഞെന്നും അതിനാല്‍ തന്നെ പിന്നീട് താന്‍ പരാതിപ്പെടാനൊന്നും പോയില്ലെന്നും രവികുമാര്‍ പ്രതികരിച്ചു. ആജ് തക് സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. 

''എനിക്ക് വിവാദങ്ങളിലൊന്നും താത്പര്യമില്ല. എന്റെ ശ്രദ്ധ കളിയിലാണ്. അടുത്ത ദിവസം തന്നെ ആ ഗുസ്തി താരം എന്റെ അടുത്ത് വന്ന് മാപ്പ് ചോദിച്ചു. അക്കാരണത്താല്‍ തന്നെ ഞാന്‍ പിന്നീട് ഇത് പരാതിപ്പെടാനൊന്നും പോയില്ല.'' - രവികുമാര്‍ പറഞ്ഞു. 

മത്സരത്തിനിടെ രവികുമാറിന്റെ വലത്തേ കൈയിലാണ് സനയെവ് കടിച്ചത്. കടിയുടെ ശക്തിയില്‍ താരത്തിന്റെ പല്ലിന്റെ പാടുകള്‍ രവിയുടെ കൈയില്‍ പതിഞ്ഞിരുന്നു. ഇത് പിന്നീട് വലിയ ചര്‍ച്ചയാകുകയും ചെയ്തു.

Content Highlights: Ravi Kumar Dahiya opens up on Nurislam Sanayev s bite