കാബൂൾ: പ്രിയപ്പെട്ട അമ്മയുടെ വിയോഗവാർത്ത പങ്കുവെച്ച് ആരാധകരെ സങ്കടത്തിലാഴ്ത്തി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. വൈകാരിക സ്പർശമുള്ള കുറിപ്പിൽ അമ്മയോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് റാഷിദ് എഴുതുന്നു. സോഷ്യൽ മീഡിയയിലാണ് അഫ്ഗാൻ സ്പിന്നർ അമ്മയുടെ മരണവാർത്ത പങ്കുവെച്ചത്.

ദീർഘകാലമായി അസുഖബാധിതയായിരുന്ന റാഷിദിന്റെ അമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. 'എനിക്ക് വീടില്ലായിരുന്നു, അമ്മയായിരുന്നു എന്റെ വീട്. അമ്മ ഇനി കൂടെയില്ലെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അമ്മയുടെ നഷ്ടം ഇനി എന്നും എന്നെ വേട്ടയാടും. നിത്യശാന്തി നേരുന്നു'-റാഷിദ് ട്വിറ്ററിൽ കുറിച്ചു.

ഈ ട്വീറ്റിന് താഴെ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായെത്തിയത്. ആദരാഞ്ജലി അർപ്പിച്ചും അനുശോചിച്ചും നിരധവി ക്രിക്കറ്റ് താരങ്ങൾ ട്വീറ്റ് ചെയ്തു. നേരത്തെ ജൂൺ 12-ന് അമ്മയുടെ അസുഖം ഭേദമാകാൻ പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് ട്വീറ്റ് ചെയ്തിരുന്നു.

ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദാരാബാദിന്റെ താരം കൂടിയാണ് റാഷിദ്. അഫ്ഗാനായി നാല് ടെസ്റ്റും 71 ഏകദിനങ്ങളും 48 ട്വന്റി-20യും കളിച്ച താരമാണ് റാഷിദ്. ഐ.പി.എല്ലിൽ 46 മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റ് വീഴ്ത്തി. ടെസ്റ്റിൽ 23 വിക്കറ്റും ഏകദിനത്തിൽ 133 വിക്കറ്റും ട്വന്റി-20യിൽ 89 വിക്കറ്റും നേടിയിട്ടുണ്ട്. ഐ.സി.സി ട്വന്റി-20 റാങ്കിങ്ങിൽ ഒന്നാം നമ്പർ ബൗളറായ റാഷിദ് ഇടക്കാലത്ത് അഫ്ഗാന്റെ ക്യാപ്റ്റനുമായിരുന്നു.

2018-ലാണ് റാഷിദിന് അച്ഛനെ നഷ്ടമാകുന്നത്. അന്ന് ഓസ്ട്രേലിയയിൽ ബിഗ് ബാഷ് ലീഗ് മത്സരം കളിക്കുകയായിരുന്നു അഫ്ഗാൻ താരം. രണ്ടു വർഷത്തിനുള്ളിൽ അമ്മയേയും നഷ്ടപ്പെട്ടതോടെ റാഷിദിന്റെ സങ്കടം ഇരട്ടിയായി.

content highlights: Rashid Khan pens heartfelt post after his mother dies