Image Courtesy:
ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത ഏടാണ് 1983-ലെ ലോകകപ്പ് വിജയം. ആ ലോകകപ്പ് വിജയവും ആ വിജയം ഇന്ത്യയ്ക്കായി നേടിത്തന്ന കപില്‍ ദേവ് എന്ന ക്യാപ്റ്റന്റെയും ജീവിതം വരച്ചുകാട്ടുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.
കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന '83' എന്ന ചിത്രത്തില്‍ കപിലായി വേഷമിടുന്നത് ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങാണ്. ഇന്ത്യയുടെ ഇതിഹാസ താരത്തിന്റെ ജീവിതം ആസ്പദമാക്കിയെടുക്കുന്ന സിനിമയുടേതായി ഇതുവരെ പുറത്തുവന്ന ചിത്രങ്ങളെല്ലാം വൈറലായിരുന്നു.
രണ്‍വീര്‍ പങ്കുവെച്ച പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 1983 ലോകകപ്പ് ഫൈനലില്‍ കരുത്തരായ വിന്‍ഡീസിനെ തകര്‍ത്ത് വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്തെ ബാല്‍ക്കണിയില്‍ കപില്‍ കിരീടം ഏറ്റുവാങ്ങുന്നതാണ് ചിത്രം.
ചിത്രത്തില്‍ രണ്‍വീറിന്റെ കപിലുമായുള്ള അപൂര്‍ണ സാമ്യത കണ്ട് അദ്ഭുതപ്പെടുകയാണ് ആരാധകര്‍. 'ദിസ് ഈസ് 83' എന്ന് കുറിച്ചാണ് താരം ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കപിലിന്റെ സഹതാരങ്ങളായിരുന്ന സുനില്‍ ഗാവസ്കര്‍, മൊഹീന്ദര്‍ അമര്‍നാഥ്, സയ്യിദ് കിര്‍മാനി, റോജര്‍ ബിന്നി, രവിശാസ്ത്രി, മദന്‍ലാല്‍, സന്ദീപ് പാട്ടീല്‍ എന്നിവരെല്ലാം ഈ സിനിമയില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.
ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യ റോമി ദേവായി എത്തുന്നത് രണ്‍വീറിന്റെ ഭാര്യ ദീപിക പദൂക്കോണാണ്.
Content Highlights: Ranveer Singh recreates Kapil Dev holding World Cup moment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..