സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് നിരാശ മാത്രം. ഗുജറാത്തിനോട് 90 റണ്‍സിന് കേരളം തോറ്റു. 268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാമിന്നിങ്‌സില്‍ 177 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ ഗുജറാത്തിന് വിലപ്പെട്ട ആറു പോയിന്റ് ലഭിച്ചു. 

82 പന്തില്‍ 78 റണ്‍സ് നേടിയ സഞ്ജു വി സാംസണ്‍ മാത്രമാണ് കേരളത്തിനായി ചെറുത്തുനിന്നത്. മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം വന്‍ പരാജയമായി. അഞ്ചു പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഗുജറാത്തിനായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റുമായി ഗജയും രണ്ട് വിക്കറ്റോടെ കലേരിയയും അക്‌സറിന് പിന്തുണ നല്‍കി. സ്‌കോര്‍: ഗുജറാത്ത്-127&210, കേരള-70&177.

വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 36-ല്‍ എത്തിയപ്പോള്‍ വിഷ്ണു വിനോദിനെ (23) നഷ്ടമായി. ജലജ് സക്സേന 29 റണ്‍സെടുത്ത് പുറത്തായി. മോനിഷ് (7), റോബിന്‍ ഉത്തപ്പ (7), സച്ചിന്‍ ബേബി (11) എന്നിവര്‍ നിരാശപ്പെടുത്തി.

ആദ്യ ഇന്നിങ്സില്‍ ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയ കേരളം വെറും 70 റണ്‍സിന് കൂടാരം കയറിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ മന്‍പ്രീത് ജുനേജ (53), ഗജ (50*) എന്നിവരുടെ അര്‍ധ സെഞ്ചുറി മികവില്‍ 210 റണ്‍സെടുത്ത ഗുജറാത്ത് കേരളത്തിന് മുന്നില്‍വെച്ചത് 268 റണ്‍സ് വിജയലക്ഷ്യം. ഒരു ഘട്ടത്തില്‍ ഒമ്പതിന് 160 എന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിനെ ഗജയും സിദ്ധാര്‍ഥ് ദേശായിയും ചേര്‍ന്നാണ് 200 കടത്തിയത്. 

ഈ സീസണില്‍ കേരളത്തിന്റെ ആദ്യ എവേ മത്സരമായിരുന്നു ഇത്. ആദ്യത്തെ രണ്ട് ഹോം മത്സരങ്ങളിലും കേരളത്തിന് ജയിക്കാനായില്ല. ഡല്‍ഹിക്കെതിരേ ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടിയെങ്കിലും സമനിലയായി. ബംഗാളിനോട് തോറ്റു. ഇതോടെ ഈ സീസണില്‍ കേരളത്തിന്റെ അക്കൗണ്ടില്‍ രണ്ടു തോല്‍വിയായി. 

Content Highlights: ranji trophy 2019-20 GUJARAT VS KERALA match day 3