ന്യൂഡല്‍ഹി: 2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലം ആരംഭിക്കുന്നതിന് മുന്‍പായി നായകന്‍ സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയേക്കും. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ 14 കോടി രൂപയോളം മുടക്കും. 

2022 ഐ.പി.എല്ലിന് മുന്‍പായി ഒരു ടീമിന് പരമാവധി നാല് താരങ്ങളെ മാത്രമേ നിലനിര്‍ത്താനാകൂ. പുതിയ സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് രാജസ്ഥാന്റെ പുതിയ നീക്കം. 

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 2018-ലാണ് ഇതിനുമുന്‍പ് സഞ്ജുവുമായി രാജസ്ഥാന്‍ കരാറിലേര്‍പ്പെട്ടത്. അന്ന് എട്ടുകോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. 

സഞ്ജുവിന് പുറമേ ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നീ താരങ്ങളെയും രാജസ്ഥാന്‍ നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പരിക്കിന്റെ പിടിയിലായ ജോഫ്ര ആര്‍ച്ചറുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബെന്‍ സ്റ്റോക്‌സിനെ നിലനിര്‍ത്തുമോ എന്ന കാര്യത്തിലും ഉറപ്പില്ല. 

Content Highlights: Rajasthan Royals retain Sanju Samson ahead of mega auction