ഭാവ്‌നഗര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഗുജറാത്തിലെ ഭാവ്‌നഗറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാഞ്ചിഭായി സക്കറിയയുടെ മരണം. 

ചേതന്‍ സക്കറിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും രാജസ്ഥാന്‍ റോയല്‍സ് ടീം ട്വിറ്ററിലൂടെ അറിയിച്ചു. 'കാഞ്ചിഭായി സക്കറിയ കോവിഡിനെതിരായ പോരാട്ടത്തില്‍ കീഴടങ്ങിയത് വേദനിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ചേതന്‍ സക്കറിയക്കും കുടുംബത്തിനും പൂര്‍ണ പിന്തുണ നല്‍കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കും.' രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ ചേതന്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അച്ഛന് മികച്ച ചികിത്സ നല്‍കാനായെന്നും ചേതന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോവിഡിന് മുന്നില്‍ ആ ചികിത്സയൊന്നും ഫലിച്ചില്ല. 

 ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാനായി ചേതന്‍ എത്തിയത് സഹോദരന്‍ നഷ്ടപ്പെട്ട വേദനയുമായാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുമ്പോഴാണ് ചേതന്റെ സഹോദരന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ ചേതനെ അറിയിച്ചിരുന്നില്ല. ടൂര്‍ണമെന്റ് കഴിഞ്ഞപ്പോഴാണ് ചേതന്‍ ഈ വിവരം അറിയുന്നത്. ഇത് ഏറെ തളര്‍ത്തിയിരുന്നെന്നും ചേതന്‍ ഐപിഎല്ലിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

Content Highlights: Rajasthan Royals Pacer Chetan Sakariyas Father Dies Of COVID 19