ന്യഡല്‍ഹി: അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് (ഐ.സി.ഐ.ജെ) പുറത്തുവിട്ട പാന്‍ഡൊറ രേഖഖളില്‍ ഐപിഎല്ലിലേക്ക് വിദേശത്ത് നിന്ന് ഫണ്ട് ഒഴുകിയതിന്റെ വിവരങ്ങളും.

ഐ.പി.എല്ലിലെ രണ്ട് ടീമുകള്‍ക്കാണ് പാന്‍ഡൊറയുമായി ബന്ധമുള്ളത്. പാന്‍ഡൊറ രേഖകള്‍ പ്രകാരം ഐ.പി.എല്ലിലെ രണ്ട് ടീമുകളിലേക്കുള്ള പണം എത്തിയത് വിദേശത്തുനിന്നാണ്.

രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളിലേക്കാണ് വിദേശപണം ഒഴുകിയിരിക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്. ബ്രിട്ടീഷ് പൗരന്മാരായ ഇന്ത്യന്‍ വംശജരാണ് ടീം ഉടമകളെന്ന് പാണ്ടോറ രേഖകള്‍ സൂചിപ്പിക്കുന്നു. ടീം ഉടമകള്‍ക്കെല്ലാം ഐ.പി.എല്ലിന്റെ ബുദ്ധികേന്ദ്രമായ ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ട്. 

വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുള്ള ഇന്ത്യക്കാരുടെ പേരുകള്‍ ഈയിടെയാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഭാര്യ അഞ്ചലിയും ഭാര്യാപിതാവ് ആനന്ദ് മേത്തയുമെല്ലാം പട്ടികയിലുണ്ട്. 

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ടി) ചെയര്‍മാനായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക. 

Content Highlights: Rajansthan Royals, Punjab Kings, Pandora papers leak on offshore dealings