മുംബൈ: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. പുതുതായി രണ്ട് ടീമുകള്‍ വരുന്നതോടെ ആകെ ടീമുകളുടെ എണ്ണം പത്തായി ഉയരും. ഇതോടെ താരങ്ങളെ നിലനിര്‍ത്താനും പുറത്താക്കാനുമുള്ള ശ്രമത്തിലാണ് ടീമുകള്‍. നിലവില്‍ കളിക്കുന്ന ഐ.പി.എല്‍ ടീമുകള്‍ക്ക് പരമാവധി നാല് താരങ്ങളെയാണ് നിലനിര്‍ത്താനാകുക.

പുതിയ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈ സൂപ്പര്‍ കിങ്‌സ്, നായകന്‍ മഹേന്ദ്ര സിങ് ധോനിയെ നിലനിര്‍ത്തും. മൂന്നുവര്‍ഷത്തേക്കാണ് താരത്തെ നിലനിര്‍ത്തുക. ഒപ്പം രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയും നിലനിര്‍ത്തിയേക്കും. മോയിന്‍ അലിയോ സാം കറനോ ആയിരിക്കും വിദേശ താരമായി തുടരുക. 

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച കെ.എല്‍.രാഹുല്‍ പുതിയ സീസണില്‍ ടീം വിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അഹമ്മദാബാദ്, ലഖ്‌നൗ എന്നീ പുതിയ ടീമുകളിലൊന്നിന്റെ നായകനായി രാഹുല്‍ മാറും. ലഖ്‌നൗ ടീമിനെയായിരിക്കും രാഹുല്‍ നയിക്കുകയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സഞ്ജീവ് ഗോയങ്കയാണ് ലഖ്‌നൗ ടീമിന്റെ ഉടമ. 

അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെയും ജസ്പ്രീത് ബുംറയെയും നിലനിര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇഷാന്‍ കിഷനെയും സൂര്യകുമാറിനെയും നിലനിര്‍ത്തുമെന്ന് സൂചനയുണ്ടെങ്കിലും ഉറപ്പില്ല. ഒരു വിദേശ താരത്തിനെ നിലനിര്‍ത്താനുള്ള അവസരമാണ് മുംബൈയ്ക്ക് ലഭിക്കുന്നതെങ്കില്‍ പൊള്ളാര്‍ഡിനാകും നറുക്ക് വീഴുക. പൊള്ളാര്‍ഡുമായി മുംബൈ ചര്‍ച്ചയിലാണ്. 

ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് തന്നെ നയിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ മുന്‍ നായകന്‍ ശ്രേയസ്സ് അയ്യര്‍ പുതിയ സീസണില്‍ ടീം വിടും. അഹമ്മദാബാദിന്റെ നായകസ്ഥാനത്തേക്ക് താരത്തെ പരിഗണിക്കുന്നുണ്ട്. ഋഷഭ് പന്തിനെക്കൂടാതെ പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ദക്ഷിണാഫ്രിക്കന്‍ താരം ആന്റിച്ച് നോര്‍ക്യെ എന്നിവരെയും ഡല്‍ഹി നിലനിര്‍ത്തിയേക്കും. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും സ്ഥാനമുണ്ടായേക്കില്ല. വിദേശതാരങ്ങളായ സുനില്‍ നരെയ്‌നെയും ആന്ദ്രെ റസ്സലിനെയുമായിരിക്കും കൊല്‍ക്കത്ത നിലനിര്‍ത്തുക. രണ്ട് ഇന്ത്യന്‍ താരങ്ങളെ കൂടി നിലനിര്‍ത്താന്‍ അവസരമുണ്ട്. അങ്ങനെയെങ്കില്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ സ്ഥാനം നിലനിര്‍ത്തും. നാലാമത്തെ താരം ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നവംബര്‍ 30 നകം പൂര്‍ണ വിവരം പുറത്തുവരും.

Content Highlights: Rahul likely to lead Goenka’s Lucknow franchise in IPL 2022; Dhoni to stay at CSK for 3 seasons: Report