ബെംഗളൂരു: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താന്‍ ബെംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച്ച എന്‍.സി.എ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശിക്കും ബുംറയുമായി സംസാരിച്ചിരുന്നു. എന്‍.സി.എയില്‍ ശാരീരികക്ഷമതാ പരിശോധന നടത്തേണ്ടതില്ലെന്നും പകരം സ്വന്തമായി ഏര്‍പ്പാടാക്കിയ വിദഗ്ദ്ധ സംഘത്തോടൊപ്പം പരിശീലിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു ദ്രാവിഡും കൗശികും. 

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നപ്പോള്‍ ബുംറ സ്വകാര്യ സ്‌പെഷ്യലിസ്റ്റുകളുടെ സഹായം തേടിയതാണ് എന്‍.സി.എ സംഘത്തിന്റെ അതൃപ്തിക്ക് കാരണം. ഐ.പി.എല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ട്രെയിനറായ രജനീകാന്ത് ശിവാഗ്‌നത്തിന്റെ കീഴിലാണ് ബുംറ  ഇപ്പോള്‍ പരിശീലനം നേടുന്നത്. ഇന്ത്യന്‍ ടീമിന്റെ ട്രെയിനറാകാന്‍ അപേക്ഷ നല്‍കി തഴയപ്പെട്ട വ്യക്തിയാണ് രജനീകാന്ത്. 

എന്‍.സി.എ ക്ലീന്‍ ചീറ്റ് നല്‍കിയതിന് പിന്നാലെ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. എന്‍.സി.എയുടെ ശാരീരികക്ഷമതാ പരിശോധനക്കെതിരേ വിമര്‍ശനവുമയര്‍ന്നിരുന്നു. തുടര്‍ന്ന് ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും ബെംഗളൂരുവിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.സി.എയുടെ നീക്കം. പരിക്കില്‍ നിന്ന് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ബി.സി.സി.ഐയുടെ കരാറിലുള്ള താരങ്ങള്‍ ബെംഗളൂരുവില്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തണമെന്നാണ് ചട്ടം.

Content Highlights: Rahul Dravid Calls Off Jasprit Bumrah’s Fitness Test at NCA