ന്യൂഡല്‍ഹി: കഴിഞ്ഞ ഐ.പി.എല്ലില്‍ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ആര്‍.അശ്വിന്റെ മങ്കാദിങ് ഏറെ വിവാദമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാനായ ജോസ് ബട്‌ലറെ പുറത്താക്കാനായിരുന്നു ഈ മങ്കാദിങ്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ബട്‌ലര്‍ ക്രീസില്‍ നിന്ന് കയറിപ്പോള്‍ അശ്വിന്‍ സ്റ്റമ്പ് ഇളക്കി റണ്‍ഔട്ടാക്കുകയായിരുന്നു. ഇതിനെതിരേ ഏറെ വിമര്‍ശനമുയര്‍ന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതായിരുന്നു അശ്വിന്റെ പ്രവൃത്തി എന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ ഐ.പി.എല്ലിലും മങ്കാദിങ് വിടാന്‍ ഉദ്ദേശമില്ലെന്ന് അശ്വിന്‍ വ്യക്തമാക്കി. ക്രീസ് വിട്ടിറങ്ങുന്ന ഏത് ബാറ്റ്‌സ്മാനേയും മങ്കാദിങ് ചെയ്യുമെന്നാണ് അശ്വിന്റെ മുന്നറിയിപ്പ്. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു അശ്വിന്റെ മറുപടി. വരുന്ന ഐ.പി.എല്ലില്‍ ഏതു ബാറ്റ്‌സ്മാനെയാണ് മങ്കാദിങ് ചെയ്യുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അശ്വിന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു 'ക്രീസ് വിട്ടിറങ്ങുന്ന ഏതു ബാറ്റ്‌സ്മാനേയും മങ്കാദിങ് ചെയ്യും'.

ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് അശ്വിന്‍ കളിക്കുക. കഴിഞ്ഞ സീസണില്‍ അശ്വിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ പഞ്ചാബ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

 

Content Highlights: R Ashwin on mankading batsmen in IPL