ചെന്നൈ: ക്രിക്കറ്റ് കരിയറിൽ പ്രതീക്ഷിച്ചതുപോലെ തിളങ്ങാനാകാതെ പോയതോടെ മുംബൈയിൽ യുവതാരം ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിൻ. കരിയറിൽ ചിലപ്പോൾ തിരസ്കാരങ്ങൾ നേരിടേണ്ടിവരുമെന്നും അതു സ്വീകരിച്ച് ശീലിക്കണമെന്നും അശ്വിൻ ട്വീറ്റിലൂടെ വ്യക്തമാക്കി. മുംബൈയുടെ യുവബൗളർ കരൺ തിവാരിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്നിന്റേതിന് സമാനമായ ബൗളിങ് ആക്ഷനിലൂടെ ശ്രദ്ധേയനായ ഇരുപത്തിയേഴുകാരൻ മുംബൈയുടെ സ്റ്റെയ്ൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
കരിയറിലെ ചില തിരസ്കാരങ്ങൾ അംഗീകരിക്കാനാകാതെയാണ് മുംബൈയിലെ യുവതാരത്തിന്റെ ആത്മഹത്യ. ഇത് തിരിച്ചറിവിന്റെ നിമിഷം കൂടിയാണ്. ക്രിക്കറ്റോ മറ്റേതെങ്കിലും മേഖലയോ തിരഞ്ഞെടുത്ത വ്യക്തികളാണെങ്കിൽപോലും അതിന് സമാന്തരമായി മറ്റൊരു ജീവനോപാധി കൂടി സ്കൂളിലും കോളേജിലും പഠിപ്പിച്ചുകൊടുക്കണം. ഇന്നത്തെ യുവാക്കളിലാണ് രാജ്യത്തിന്റേയും ലോകത്തിന്റേയും ഭാവി. അശ്വിൻ ട്വീറ്റിൽ പറയുന്നു.
മുംബൈയിലെ വീട്ടിൽ ചൊവ്വാഴ്ച്ച രാത്രിയാണ് കരൺ ആത്മഹത്യ ചെയ്തത്. മുംബൈ രഞ്ജി ടീമിനായി രണ്ടു വർഷത്തോളമായി നെറ്റ്സിൽ സ്ഥിരമായി പന്തെറിഞ്ഞുകൊടുത്തിരുന്നത് കരൺ ആയിരുന്നു. കഴിഞ്ഞ വർഷം വിവിധ ഐ.പി.എൽ ടീമുകൾക്കായും മുംബൈ വാംഖഡെ സ്റ്റേഡിയത്തിന്റെ നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു.
എന്നാൽ കരിയറിൽ ഉയർച്ച നേടാൻ കരണിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് താരം കടുത്ത നിരാശയിലും ദു:ഖത്തിലുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഈ വർഷം ഐ.പി.എല്ലിൽ കളിക്കാൻ അവസരം ലഭിക്കാത്തതും നിരാശ കൂട്ടി. മുംബൈയിലെ വീട്ടിൽ അമ്മയ്ക്കു സഹോദരനുമൊപ്പം താമസിക്കുന്ന കരൺ ചൊവ്വാഴ്ച്ച രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ഉറങ്ങാൻ പോയതാണ്.
ഇതിനിടെ രാജസ്ഥാനിലുള്ള സുഹൃത്തിനെ വിളിച്ച് ഐ.പി.എല്ലിൽ സ്ഥാനം ലഭിക്കാത്തതിന്റെ സങ്കടം കരൺ പങ്കുവെച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്ന സൂചനയും സുഹൃത്തിന് നൽകിയിരുന്നു. ഈ സുഹൃത്ത് രാജസ്ഥാനിൽ താമസിക്കുന്ന കരണിന്റെ സഹോദരി വഴി അമ്മയെ വിളിച്ച് വിവരം പറഞ്ഞു. ഇതോടെ വാതിൽ തകർത്ത് അമ്മയും സഹോദരനും കരണിന്റെ റൂമിൽ കടന്നു. പക്ഷേ അപ്പോഴേക്കും കരണിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: R Ashwin on Karan Tiwari suicide