ഹൈദരാബാദ്: ഒരു ട്വീറ്റ് കൊണ്ട് കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവും ബാഡ്മിന്റന്‍ താരവുമായ പി.വി. സിന്ധു. ഡെന്‍മാര്‍ക്ക് ഓപ്പണാണ് അവസാനത്തേത്, ഞാന്‍ വിരമിക്കുന്നുവെന്ന സിന്ധുവിന്റെ ട്വീറ്റില്‍ ഞെട്ടിയവര്‍ നിരവധിയാണ്.

പക്ഷേ യഥാര്‍ത്ഥത്തില്‍ കോവിഡിനെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്ത്. ഏത് കഠിനമായ എതിരാളിയെ നേരിടാനും ഞാന്‍ പരിശീലനം നടത്തിയിരുന്നു. മുമ്പും ഞാനത് ചെയ്തിട്ടുണ്ട്. എന്നാല്‍ അദൃശ്യനായ ഈ വൈറസിനെ ഞാന്‍ എങ്ങനെയാണ് നേരിടുക. ഈ കോവിഡ് കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിക്കാന്‍ സാധിക്കാത്തത് അതില്‍ അവസാനത്തേത്തായിരുന്നു. ഞാന്‍ നെഗറ്റിവിറ്റിയില്‍ നിന്ന് വിരമിക്കുന്നു. ഭയത്തില്‍ നിന്നും അനിശ്ചിതത്വത്തില്‍ നിന്നും വിരമിക്കുന്നുവെന്ന് സിന്ധു കുറിപ്പില്‍ വിശദമാക്കി.

മനസിനെ പൂര്‍ണമായും ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവിനെക്കുറിച്ച് കുറച്ചുനാളായി ചിന്തിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കോവിഡ് കാലമെന്നും സിന്ധു കുറിച്ചു.

ചുറ്റുമുള്ള അനിശ്ചിതാവസ്ഥയില്‍ നിന്നും പേടികളില്‍ നിന്നും അനാരോഗ്യകരമായ ശുചിത്വക്കുറവില്‍ നിന്നും വൈറസിനെ നേരിടുന്നതിലുള്ള അശ്രദ്ധയില്‍ നിന്നുമെല്ലാം താന്‍ വിരമിക്കുകയാണെന്ന് സിന്ധു വിശദീകരിച്ചു.

യഥാര്‍ത്ഥത്തില്‍ കോവിഡ് ബോധവത്കരണമാണ് സിന്ധു തന്റെ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. പക്ഷേ ഇത് കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി എന്നതാണ് വസ്തുത.

Content Highlights: PV Sindhu s cryptic post sends shock waves on social media