ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് പി.വി സിന്ധു മാത്രം. പട്ടികയില്‍ 13-ാം സ്ഥാനത്താണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം. 5.5 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 38 കോടി രൂപ) കഴിഞ്ഞ വര്‍ഷം സിന്ധുവിന് ലഭിച്ച പ്രതിഫലം. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവാണ് ഫോബ്‌സ് പരിഗണിച്ചത്. അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ സിന്ധു ഏഴാമതായിരുന്നു.

29.2 മില്ല്യണ്‍ യു.എസ് ഡോളറാണ് (200 കോടിയിലധികം രൂപ) സെറീന വില്ല്യംസിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പ്രതിഫലം. ടെന്നീസ് താരം തന്നെയായ നവോമി ഒസാക്കയാണ് രണ്ടാമത്. സെറീനയെ തോല്‍പ്പിച്ച് 2018-ല്‍ യു.എസ് ഓപ്പണ്‍ കിരീടം ഒസാക്ക നേടിയിരുന്നു. ഒസാക്കയുടെ സമ്പാദ്യം 24.3 മില്ല്യണ്‍ ഡോളര്‍ (170 കോടിയിലധികം രൂപ) ആണ്. 11.8 മില്ല്യണ്‍ ഡോളറാണ് മൂന്നാം സ്ഥാനത്തുള്ള ടെന്നീസ് താരം ആഞ്ജലിക് കെര്‍ബറുടെ സമ്പാദ്യം. 

ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള വനിതാ കായികതാരം ഇപ്പോഴും പി.വി സിന്ധുവാണെന്നും 2018-ല്‍ സീസണിലെ അവസാന ചാമ്പ്യന്‍ഷിപ്പായ വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ കിരീടം നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കായി സിന്ധു മാറിയെന്നും ഫോബ്‌സ് മാസിക ചൂണ്ടിക്കാട്ടുന്നു. പ്രൈസ് മണി, ശമ്പളം, ബോണസ് തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഫോബ്‌സ് ഓരോ വര്‍ഷത്തെയും പ്രതിഫലപ്പട്ടിക തയ്യാറാക്കുന്നത്.

Content Highlights: PV Sindhu only Indian among Forbes list of highest paid sportswomen