ന്യൂഡൽഹി: മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിയെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്യാത്തത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യക്കെതിരേ പരസ്യപ്രതികരണവുമായി പ്രണോയ് രംഗത്തെത്തുകയും പ്രണോയിക്ക് അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഈ വിവാദം പുതിയ ട്വിസ്റ്റിലെത്തിയിരിക്കുന്നു. ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ മുഖ്യപരിശീലകനായ പുല്ലേല ഗോപീചന്ദ് പ്രണോയിയെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തു. ഗോപീചന്ദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖേൽരത്ന പുരസ്കാര ജേതാക്കൾക്ക് ഒരാളെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്യാനുള്ള അവസരമുണ്ടെന്നും അതനുസരിച്ചാണ് പ്രണോയിയെ ശുപാർശ ചെയ്തതെന്നുമാണ് ഗോപീചന്ദ് വ്യക്തമാക്കിയത്.

'ജൂൺ 19-നാണ് പ്രണോയിക്കെതിരേ അസോസിയേഷൻ അച്ചടക്കനടപടി സ്വീകരിച്ച വിവരം ഞാൻ അറിയുന്നത്. അർജുനയ്ക്ക് ശുപാർശ ചെയ്യാത്തതിൽ പ്രണോയ് നിരാശനാണെന്ന് ജൂൺ രണ്ടിന് അറിഞ്ഞിരുന്നു. അങ്ങനെയെങ്കിൽ സഹായിക്കാമെന്ന് കരുതിയാണ് ഖേൽരത്ന ജേതാവെന്ന നിലയിൽ അദ്ദേഹത്തെ ശുപാർശ ചെയ്തത്. അതല്ലാതെ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ എന്ന നിലയിലല്ല ഈ ശുപാർശ'-ഗോപീചന്ദ് വ്യക്തമാക്കി. ഇതേ മാനദണ്ഡം ഉപയോഗിച്ച് ഖേൽരത്ന പുരസ്കാര ജേതാവായ സൈന നേവാൾ മലയാളി ബാഡ്മിന്റൺ താരം അപർണ ബാലനെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തതായും റിപ്പോർട്ടുണ്ട്.

നേരത്തെ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയവരെ പരിഗണിക്കാതെ പ്രധാന ടൂർണമെന്റുകളൊന്നും കളിക്കാത്തവരെ ബാഡ്മിന്റൺ അസോസിയേഷൻ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തതിന് എതിരേയാണ് പ്രണോയ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെ അസോസിയേഷനെതിരേ പ്രണോയ് പരസ്യപ്രതികരണം നടത്തുകയും ചെയ്തു. ഇതോടെ അസോസിയേഷൻ പ്രണോയിക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി അജയ് സിംഗാനിയ വ്യക്തമാക്കി.

കഴിഞ്ഞ വർഷവും അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്യാത്തതിൽ പ്രണോയ് പരസ്യപ്രതികരണം നടത്തിയിരുന്നു. എന്നാൽ അച്ചടക്കലംഘനത്തിന്റെ പേരിലാണ് പ്രണോയിയെ കായികപുരസ്കാരത്തിന് ശുപാർശ ചെയ്യാതിരുന്നതെന്നാണ് അസോസിയേഷന്റെ പ്രതികരണം. ഫിലിപ്പൈൻസിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാതെ പ്രണോയ് ബാഴ്സലോണയിൽ ടൂർണമെന്റ് കളിക്കാൻ പോയിരുന്നു. ഖേൽരത്നക്ക് ശുപാർശ ചെയ്ത കെ.ശ്രീകാന്തും പ്രണോയിക്കും ഈ ടൂർണമെന്റ് കളിക്കാനുണ്ടായിരുന്നു. ഈ സംഭവത്തിൽ ശ്രീകാന്ത് ക്ഷമ ചോദിക്കുകയും ഇതോടെ ശ്രീകാന്തിനെ ഖെൽരത്നക്ക് ശുപാർശ ചെയ്യുകയായിരുന്നെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു. എന്നാൽ അസോസിയേഷനെതിരേ പരസ്യപ്രതികരണവുമായി രംഗത്തെത്തുകയാണ് പ്രണോയ് ചെയ്തതെന്നും ഇതോടെ താരത്തോട് വിശദീകരണം ചോദിക്കാനും തീരുമാനിക്കുകയായിരുന്നെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.

content highlights: Pullela Gopichand Says He had Recommended HS Prannoys Name for Arjuna Award