ന്യൂഡൽഹി: മലയാളി അത്ലറ്റ് പി.യു ചിത്രയെ അർജുന പുരസ്കാരത്തിനായി ശുപാർശ ചെയ്തു. ദേശീയ അത്ലറ്റിക് ഫെഡറേഷനാണ് ചിത്രയുടെ പേര് നിർദേശിച്ചത്. കൂടാതെ അത്ലറ്റിക്സ് പരിശീലകൻ രാധാകൃഷ്ണൻ നായരെ ദ്രോണാചാര്യ പുരസ്കാരത്തിനായും ശുപാർശ ചെയ്തിട്ടുണ്ട്. ഒളിമ്പ്യനായ മലയാളി അത്ലറ്റ് ജിൻസി ഫിലിപ്പിനെ ധ്യാൻചന്ദ് പുരസ്കാരത്തിനും പരിഗണിക്കും.

പാലക്കാട് നിന്നുള്ള 24-കാരിയായ പി.യു ചിത്ര ജീവിതത്തിലെ പ്രതിസന്ധികളെ ഓടിത്തോൽപ്പിച്ച് അത്ലറ്റിക്സിൽ മികവ് തെളിയിച്ച താരമാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കായികരംഗത്തെത്തിയ ചിത്രയുടെ ഇഷ്ട ഇനം 1500 മീറ്റർ ഓട്ടമാണ്. 2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ചിത്ര 2016-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ടസ്വർണവും ചിത്രയുടെ പേരിലുണ്ട്. 2017-ൽ ഭുവനേശ്വറിലും 2019-ൽ ദോഹയിലുമായിരുന്നു ഈ നേട്ടങ്ങൾ. നിലവിൽ ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്.

ഇന്ത്യയുടെ വെറ്ററൻ സ്പ്രിന്ററായ ജിൻസി ഫിലിപ്പ് 2000-ത്തിൽ സിഡ്നിയിൽ നടന്ന ഒളിമ്പിക്സിലാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. വനിതകളുടെ 4x400 മീറ്റർ റിലേ ആയിരുന്നു ജിൻസിയുടെ ഇനം. ജിൻസിയെക്കൂടാതെ പരംജിത് കൗർ, റോസക്കുട്ടി, കെ.എം ബീനാമോൾ എന്നിവരടങ്ങിയതായിരുന്നു ഇന്ത്യയുടെ റിലേ ടീം. നിലവിൽ തൃശൂർ സായിയിലെ പരിശീലകയാണ്.2016 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കായിക പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചത്.

Content Highlights: PU Chithra Arjuna Award Recommendation