റെയിൽവേയിലെ ജോലിയിൽനിന്ന് സ്വയംവിരമിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ആസ്ഥാനത്തെത്തിയ കായികതാരം പി.ടി. ഉഷയ്ക്ക് നൽകിയ യാത്രയയപ്പിൽ ഡി.ആർ.എം. ത്രിലോക് കോത്താരി ഉപഹാരംനൽകുന്നു | Photo: Print
പാലക്കാട്: ദക്ഷിണ റെയില്‍വേക്കൊപ്പം കുതിച്ച 40 ഔദ്യോഗികവര്ഷങ്ങള്ക്ക് കേരളത്തിന്റെ കായികറാണി പി.ടി. ഉഷ വിരാമമിട്ടു. രാജ്യസഭാംഗമായി കേന്ദ്രസര്‍ക്കാര്‍ നാമനിര്ദേശംചെയ്തതിനാലാണ് റെയില്‍വേയിലെ 'ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി- സ്പോര്‍ട്സ്' തസ്തികയില്‍നിന്ന് സ്വയം വിരമിച്ചത്.
കഴിഞ്ഞദിവസം രാവിലെ ദക്ഷിണറെയില്‍വേ പാലക്കാട് ഡിവിഷന് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡി.ആര്.എം. ത്രിലോക് കോത്താരിയുടെ നേതൃത്വത്തില്‍ ഉഷയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്കി.
റെയില്വേയെപ്പോലെത്തന്നെ തനിക്കേറെ പ്രിയപ്പെട്ടതാണ് പാലക്കാടെന്ന് ഉഷ പറഞ്ഞു. പത്താംക്ലാസിനുശേഷം പാലക്കാട് മേഴ്സി കോളേജില്‍ കായികവിദ്യാര്ഥിയായി എത്തിയപ്പോള്‍ തുടങ്ങിയ ബന്ധമാണ് പാലക്കാടുമായി. പാലക്കാടിന്റെ മൈതാനങ്ങള്‍ തനിക്കേറെ പരിചിതമെന്നും ഉഷ അനുസ്മരിച്ചു.
നാലുപതിറ്റാണ്ട് രാജ്യത്തിന്റെയും റെയില്‍വേയുടെയും കായികവികസനരംഗത്ത് പ്രചോദനമായിനിന്ന ഉഷയുടെ സേവനങ്ങള്‍ ഡി.ആര്.എം. ത്രിലോക് കോത്താരി അനുസ്മരിച്ചു. അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സി.ടി. സാക്കീര്‍ ഹുസൈന്, ഡിവിഷണല്‍ പേഴ്സണല്‍ ഓഫീസര്‍ സിദ്ധാര്‍ഥ് കെ.വര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
രണ്ടുവര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് ഉഷ സ്വയം വിരമിക്കുന്നത്. 1982 ജൂണ്‍ 22-ന് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ - സ്പോര്‍ട്സ്) ആയാണ് ഉഷ റെയില്‍വേ സര്‍വീസില്‍ പ്രവേശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..