കോഴിക്കോട്: സംസ്ഥാനത്തെ അത്‌ലറ്റുകളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ച് പി.ടി ഉഷ.

നടക്കാനിരിക്കുന്ന ദേശീയ മത്സരങ്ങളും  മറ്റും മുന്‍നിര്‍ത്തി അതില്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ കായിക താരങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ അനുവദിക്കണമെന്ന് ഉഷ ട്വിറ്ററില്‍ കുറിച്ചു.

'മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു അഭ്യര്‍ഥന. നടക്കാനിരിക്കുന്ന ദേശീയ മത്സരങ്ങളും മറ്റും മുന്‍നിര്‍ത്തി അതില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍, അവരുടെ പരിശീലകര്‍, മറ്റു സപ്പോര്‍ട്ട് സ്റ്റാഫ്, മെഡിക്കല്‍ ടീം തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ അനുവദിക്കണം. കായിക മേഖലയെ നമുക്ക് അവഗണിക്കാനാകില്ല' - ഉഷ ട്വിറ്ററില്‍ കുറിച്ചു.

പാട്യാലയില്‍ നടക്കുന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസാന അവസരമാണ്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്‌സ് യോഗ്യതയ്ക്കുള്ള അവസാന തീയതി ജൂണ്‍ 29 ആണ്. ജൂണ്‍ 25 മുതല്‍ 29 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

Content Highlights: PT Usha requests Vaccination for state athletes to Kerala CM Pinarayi Vijayan