പയ്യോളി: ലോകവനിതാ ബാഡ്മിന്റണ്‍ കിരീടം ചൂടിയ പി.വി. സിന്ധു ചെറുപ്രായത്തില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ മടിയില്‍ ഇരിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. സുവര്‍ണതാരത്തിന്റെ മടിയില്‍ മറ്റൊരു ഗോള്‍ഡന്‍ ഗേള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

സിന്ധു 'പൊന്‍പുലി' യായതറിഞ്ഞ് പി.ടി. ഉഷ തന്നെയാണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. റെയില്‍വേ താരമായ സിന്ധുവിന്റെ അച്ഛന്‍ പി.വി. രമണയുടെ ക്ഷണമനുസരിച്ചാണ് പി.ടി. ഉഷ ഹൈദരാബാദിലെ സിന്ധുവിന്റെ വീട്ടിലെത്തുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉഷ വീണ്ടും കായികരംഗത്ത് തിരിച്ചെത്തിയ കാലമായിരുന്നു അത്. അന്ന് സിന്ധുവിന് അഞ്ച് വയസ്സായിട്ടില്ലെന്ന് ഉഷ ഓര്‍ക്കുന്നു.

ഉഷയുടെ ചിത്രമുള്ള ആഴ്ച്ചപ്പതിപ്പ് കാണിച്ചിട്ട് ഇത് ആന്റിയല്ലേയെന്ന് സിന്ധു ചോദിച്ചു. സിന്ധുവിന്റെ ആഗ്രഹമനുസരിച്ച് ഉഷ മടിയിലിരുത്തുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ആ ചിത്രം ഹൈദരാബാദിലെ സിന്ധുവിന്റെ സ്വീകരണമുറിയില്‍ ഇപ്പോഴുമുണ്ട്. 

ആറു മാസം മുമ്പ് ഉഷ ചെന്നൈയില്‍വെച്ച് രമണയെ വീണ്ടും കാണാന്‍ ഇടയായപ്പോഴാണ് ഈ ചിത്രം ഉഷയ്ക്ക് ലഭിക്കുന്നത്. സിന്ധു ബാഡ്മിന്റണ്‍ രംഗത്തേക്ക് വന്നപ്പോള്‍ ഉഷയെപ്പോലെ ആകണം എന്നായിരുന്നു ആ ചിത്രം നോക്കി മാതാപിതാക്കള്‍ പറയാറ്. ഇന്ന് ആ സ്വപ്നങ്ങള്‍ക്കും അപ്പുറത്തേക്ക് പി.വി.സിന്ധു എത്തിയപ്പോള്‍ ഈ 'സ്വര്‍ണചിത്രം' കായികപ്രേമികള്‍ക്ക് കൗതുകവും ആവേശവുമാകുകയാണ്.

 

Content Highlights: PT Usha meets PV Sindhu 20 years before