പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ താരങ്ങളായ ഏയ്ഞ്ചല്‍ ഡി മരിയയുടെയും ക്ലബ്ബ് ക്യാപ്റ്റന്‍ മാര്‍ക്വിന്യോസിന്റെയും വീടുകളില്‍ കവര്‍ച്ച.

ഞായറാഴ്ച നാന്റെസിനെതിരായ ഹോം മത്സരത്തിനിടെയാണ് ഇരുവരുടെയും വീടുകളില്‍ കവര്‍ച്ച നടന്നതെന്ന് ഫ്രഞ്ച് കായിക ദിനപ്പത്രമായ എല്‍ എക്യുപ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടെയും കുടുംബത്തെ ബന്ദികളാക്കിയിട്ടായിരുന്നു കവര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച നടന്ന മത്സരത്തിന്റെ 62-ാം മിനിറ്റില്‍ പി.എസ്.ജി സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ലിയൊനാര്‍ഡോയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം കോച്ച് മൗറീസിയോ പോച്ചെറ്റിനോ ഡി മരിയയെ തിരികെ വിളിച്ചത് ഇക്കാരണത്താലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ വീട്ടില്‍ കവര്‍ച്ച നടന്നതായി റോയിറ്റേഴ്‌സിന് നല്‍കിയ പ്രസ്താവനയിലാണ് മാര്‍ക്വിന്യോസ് വ്യക്തമാക്കിയത്. ഈ സമയം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.   

ഡി മരിയയുടെ വീട്ടില്‍ നിന്ന് മോഷ്ടാക്കള്‍ ഏകദേശം 5,00000 യൂറോ വിലവരുന്ന ആഭരണങ്ങളും വാച്ചുകളും അടങ്ങിയ സേഫ് മോഷ്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: PSG s Angel Di Maria and Marquinhos homes robbed