ടോക്യോ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനില്‍ വന്‍ പ്രതിഷേധം. ടോക്യോ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. ഒളിമ്പിക്‌സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഓണ്‍ലൈന്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതില്‍ ഒപ്പുവെച്ചത്. 

ഒളിമ്പിക്‌സ് സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ നാഷണല്‍ സ്‌റ്റേഡിയത്തിന് പുറത്താണ് നിരവധി ആളുകള്‍ പ്രതിഷേധവുമായി അണിനിരന്നത്. പാവങ്ങളെ മരണത്തിന് എറിഞ്ഞുകൊടുക്കുന്ന നടപടിയാണ് ഭരണകൂടം ഒളിമ്പിക്‌സ് നടത്താന്‍ ഒരുങ്ങുന്നതിലൂടെ ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. വിദേശകാണികളെ പൂര്‍ണമായും വിലക്കിയിട്ടുണ്ടെങ്കിലും മത്സരത്തില്‍ പങ്കെടുക്കാനായി താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ഉള്‍പ്പെടെ പതിനായിരത്തില്‍ അധികം ആളുകള്‍ ജപ്പാനിലെത്തുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ജപ്പാനില്‍ കോവിഡ് മരണനിരക്ക് കുറവാണെങ്കിലും വൈറസിന്റെ വ്യാപനതോത് ഉയരുകയാണ്. വാക്‌സിനേഷനും പതുക്കെയാണ് പുരോഗമിക്കുന്നത്. എന്നാല്‍ ഒളിമ്പിക്‌സുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഇപ്പോഴും സര്‍ക്കാര്‍. 

ഒളിമ്പിക്‌സിനെ പിന്തുണച്ച് ലോക അത്‌ലറ്റിക്‌സ് തലവന്‍ സെബാസ്റ്റിയന്‍ കോയും രംഗത്തെത്തി. ബുദ്ധിമുട്ടുകള്‍ക്കിടയിലും ഒളിമ്പിക്‌സ് നടത്തുന്നത് പ്രതീക്ഷയുടെ കിരണമായി കാണണമെന്ന് സെബാസ്റ്റ്യന്‍ കോ പറയുന്നു.

Content Highlights: Protesters call for Tokyo Olympics to be cancelled