കാലിഫോർണിയ: ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ ഡബിൾസ് ജോഡിയായ മൈക്ക് ബ്രയാൻ, ബോബ് ബ്രയാൻ സഹോദരങ്ങൾ തങ്ങളുടെ 22 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനോട് വിടപറഞ്ഞു.

ഇരട്ട സഹോദരങ്ങളായ ഇരുവരും വ്യാഴാഴ്ചയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത്തവണത്തെ യു.എസ് ഓപ്പണ് മുമ്പാണ് പ്രശസ്തരായ ഈ ജോഡിയുടെ വിരമിക്കൽ പ്രഖ്യാപനം.

42 വയസുള്ള ബ്രയാൻ സഹോദരങ്ങൾ കരിയറിൽ 119 കിരീട വിജയങ്ങളിലാണ് പങ്കാളികളായിട്ടുള്ളത്. ഇതിൽ 16 ഗ്രാൻഡ്സ്ലാം കിരീടങ്ങളും 39 എ.ടി.പി മാസ്റ്റേഴ്സ് 1000 ജയങ്ങളും നാല് എ.ടി.പി ഫൈനൽസ് കിരീടങ്ങളും ഉൾപ്പെടുന്നു. ടെന്നീസ് പുരുഷ ഡബിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ ജോഡി കൂടിയാണ്.

''വിരമിക്കാൻ ഇതാണ് ശരിയായ സമയമെന്ന് ഞങ്ങൾക്ക് തോന്നി. 20 വർഷത്തിലേറെ കാലം ഞങ്ങൾ ടെന്നീസിനായി സമർപ്പിച്ചു. ഇപ്പോൾ ജീവിതത്തിന്റെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുകയാണ്. ഇത്രയേറെ കാലം ഡബിൾസ് കളിക്കാൻ സാധിച്ചതിൽ തന്നെ ഞങ്ങൾ ഭാഗ്യവാന്മാരാണ്.'' - മൈക്ക് ബ്രയാൻ പറഞ്ഞു.

438 ആഴ്ചകളോളം ടെന്നീസ് ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്നതിന്റെ റെക്കോഡും ബ്രയാൻ സഹോദരങ്ങൾക്കാണ്. 2014-ൽ ഷാങ്ഹായ് ഓപ്പൺ വിജയത്തോടെ കരിയറിൽ ഗോൾഡൻ മാസ്റ്റേഴ്സ് നേട്ടവും സ്വന്തമാക്കി. ഒമ്പത് എ.ടി.പി വേൾഡ് ടൂർ മാസ്റ്റേഴ്സ് 1000 കിരീടങ്ങളും സ്വന്തമാക്കിയ ഈ ജോഡി 2012 ലണ്ടൻ ഒളിമ്പിക്സിൽ സ്വർണ മെഡലും കഴുത്തിലണിഞ്ഞു. 2008 ഒളിമ്പിക്സിൽ വെങ്കലമെഡലും സ്വന്തമാക്കാനായി. 2007-ൽ ഡേവിസ് കപ്പി നേടിയ യു.എസ് ടീമിലും അംഗങ്ങളായിരുന്നു.

2003-ൽ ഫ്രഞ്ച് ഓപ്പൺ നേടിക്കൊണ്ട് തങ്ങളുടെ ആദ്യ ഗ്രാൻഡ്സ്ലാം നേട്ടം ആഘോഷിച്ച ഈ ജോഡി 2006-ൽ വിംബിൾഡൺ നേടിക്കൊണ്ട് കരിയർ ഗ്രാൻഡ്സ്ലാം എന്ന നേട്ടവും പൂർത്തിയാക്കി. ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ഇരുവരും അഞ്ചു തവണ യു.എസ് ഓപ്പൺ കിരീടവും സ്വന്തമാക്കി. മൂന്നു തവണ വിംബിൾഡൺ ജേതാക്കൾ ആയ ഇരുവരും 2 തവണ ഫ്രഞ്ച് ഓപ്പണും ജയിച്ചു.

Content Highlights: professional record of 119 titles together Bryan brothers announced their retirement