ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബ് കബഡി ടൂര്‍ണമെന്റായ പ്രോ കബഡി ലീഗ് ഡിസംബറില്‍ ബെംഗളൂരുവില്‍ ആരംഭിക്കും. കബഡി ലീഗിന്റെ എട്ടാം സീസണാണിത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.

ഡിസംബര്‍ 22 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. കളിക്കാര്‍ക്കുള്ള ലേലം ഓഗസ്റ്റ് 29 നും 31 നും ഇടയില്‍ മുംബൈയില്‍ വെച്ച് നടത്തിയിരുന്നു. ബെംഗളൂരു മാത്രമാണ് കബഡി പ്രോ ലീഗിന് വേദിയാകുക. 

ഇതുവരെ ഏഴുസീസണുകള്‍ അവസാനിച്ചപ്പോള്‍ പാട്‌ന പൈറേറ്റ്‌സാണ് ഏറ്റവുമധികം തവണ കിരീടം നേടിയത്. മൂന്നു തവണയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. ജയ്പുര്‍ പിങ്ക് പാന്തേഴ്‌സ്, യു മുംബ, ബെംഗളൂരു ബുള്‍സ്, ബംഗാള്‍ വാരിയേഴ്‌സ് എന്നിവര്‍ ഓരോ തവണ കിരീടം നേടി. 

2020-ല്‍ കോവിഡ് മൂലം ടൂര്‍ണമെന്റ് നടത്തിയിരുന്നില്ല. 2019-ല്‍ നടന്ന അവസാന പ്രോ കബഡി ലീഗില്‍ ദബാങ് ഡല്‍ഹിയെ കീഴടക്കി ബംഗാള്‍ വാരിയേഴ്‌സാണ് കിരീടത്തില്‍ മുത്തമിട്ടത്. ഇത്തവണയും 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. 

Content Highlights: Pro Kabaddi League to commence on Dec 22 in Bengaluru, tournament to go ahead without spectators