Photo: twitter.com|ProKabaddi
കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളെ അതിജീവിച്ച് പ്രോ കബഡി ലീഗിന്റെ (പി.കെ.എല്‍) എട്ടാം സീസണ് ബുധനാഴ്ച ബെംഗളൂരുവില്‍ തുടക്കം. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ബെംഗളൂരൂ വൈറ്റ്ഫീല്‍ഡ് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ കോര്‍ട്ടിലാണ് മത്സരങ്ങള്‍. എല്ലാ ടീമുകളും ഈ ഹോട്ടലില്‍തന്നെയാണ് താമസിക്കുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല.
നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ വാരിയേഴ്സ്, മൂന്നുതവണ ജേതാക്കളായ പട്‌ന പൈറേറ്റ്സ്, മുന്‍ചാമ്പ്യന്മാരായ യു മുംബ, ബെംഗളൂരു ബുള്‍സ്, ആദ്യ സീസണിലെ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്തേഴ്സ് എന്നിവരൊക്കെ കിരീടപോരാട്ടത്തിനായി മുന്‍പന്തിയിലുണ്ട്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ദബാങ് ഡല്‍ഹി കെ.സി, കരുത്തരായ തെലുഗു ടൈറ്റന്‍സ്, തമിഴ് തലൈവാസ്, യു.പി. യോദ്ധാ, പുണെരി പള്‍ട്ടന്‍, ഗുജറാത്ത് ജയന്റ്സ്, ഹരിയാണ സ്റ്റീലേഴ്സ് എന്നിവരും സീസണ്‍ എട്ടില്‍ കിരീടത്തിനായി പോരാടും. രാജ്യത്തെ മുന്‍നിരതാരങ്ങളും ഇറാനില്‍ നിന്നടക്കമുള്ള വിദേശതാരങ്ങളും വിവിധ ടീമുകളിലായി അണിനിരക്കുന്നു.
കഴിഞ്ഞ സീസണിലെപ്പോലെ തന്നെ 12 ടീമുകളും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടും. ഇതിലെ ആദ്യ ആറ് സ്ഥാനക്കാര്‍ പ്ലേ ഓഫിലെത്തും. സീസണിലെ ആദ്യ പാദത്തിന്റെ ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ദിവസവും മൂന്നു മത്സരങ്ങള്‍ വീതമുണ്ട്. ആദ്യ നാല് ദിവസവും മൂന്നു മത്സരങ്ങളുണ്ട്. ബുധനാഴ്ച രാത്രി 7.30-ന് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സും യു മുംബയും ഏറ്റുമുട്ടും. തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ തെലുഗു ടൈറ്റന്‍സും തമിഴ് തലൈവാസും കൊമ്പുകോര്‍ക്കും. ബംഗാള്‍ വരിയേഴ്സും യു.പി. യോദ്ധായും തമ്മിലാണ് മൂന്നാം മത്സരം.
പി.കെ.എല്ലിലെ മലയാളിത്തിളക്കം
രണ്ടു പരിശീലകരും നാല് താരങ്ങളുമാണ് എട്ടാം സീസണില്‍ പ്രോ കബഡിയിലെ മലയാളി സാന്നിധ്യം. തമിഴ് തലൈവാസിനെ കൊല്ലം പാരിപ്പള്ളിക്കാരന്‍ ഉദയ കുമാറും തെലുഗു ടൈറ്റന്‍സിനെ കാസര്‍കോടുകാരന്‍ ജഗദീഷ് കുമ്പളയുമാണ് പരിശീലിപ്പിക്കുന്നത്. മുന്‍പ് തെലുഗു ടൈറ്റന്‍സിന്റെ കോച്ചായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ മൂന്നുതവണ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് പരിശീലിപ്പിച്ച ഉദയകുമാര്‍. 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു ജഗദീഷ് കുമ്പള. അന്ന് ടീമിന്റെ പരിശീലകനായിരുന്നു ഉദയകുമാര്‍. ഉദ്ഘാടനദിവസം ഗുരുവിന്റെയും ശിഷ്യന്റെയും ടീമുകള്‍ ഏറ്റുമുട്ടുന്നെന്ന കൗതുകവുമുണ്ട്.
കാസര്‍കോട് ഉദുമക്കാരന്‍ സാഗര്‍ ബി. കൃഷ്ണ, കൊല്ലം പാരിപ്പള്ളിക്കാരന്‍ എം.എസ്. അതുല്‍ എന്നിവര്‍ തമിഴ് തലൈവാസ് ടീമിലും കോഴിക്കോട്ടുകാരന്‍ ആദര്‍ശും കൊല്ലം പുനലൂരിലെ ഷിയാസും തെലുഗു ടൈറ്റന്‍സ് ടീമിലും കളിക്കും.
മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ഹോട്ട്സ്റ്റാറിലും തത്സമയം.
യുവനിരയില്‍ പ്രതീക്ഷ
''പുതിയ സീസണില്‍ പ്രതീക്ഷയോടെയാണ് തമിഴ് തലൈവാസ് ഇറങ്ങുന്നത്. യുവരക്തത്തിന് പ്രാധാന്യമുള്ള ടീമാണ് ഞങ്ങളുടേത്. പ്ലേ ഓഫ് കടന്നും മുന്നേറാമെന്നതു തന്നെയാണ് പ്രതീക്ഷ.'' - ജെ. ഉദയകുമാര്‍ (തമിഴ് തലൈവാസ് കോച്ച്)
Content Highlights: Pro Kabaddi League 2021-22 kicks off in Bangalore after a gap of two years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..