Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. സമരപ്പന്തലിലെത്തിയ പ്രിയങ്ക ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരുമായി ചര്‍ച്ച നടത്തി.
റസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സര്‍ക്കാര്‍ എന്തിനാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. ' പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ എന്തൊക്കെയാണ് എഴുതിയിരിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. എന്തുകൊണ്ടാണ് അവര്‍ അത് വെളിപ്പെടുത്താത്തത്? ഗുസ്തി താരങ്ങള്‍ മത്സരങ്ങളില്‍ വിജയം നേടുമ്പോള്‍ അവരില്‍ നാം അഭിമാനം കൊള്ളുന്നു. എന്നാല്‍ അതേ ഗുസ്തി താരങ്ങള്‍ ഇന്ന് നീതിയ്ക്ക് വേണ്ടി തെരുവിലാണ്. സര്‍ക്കാര്‍ എന്തിനാണ് ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഗുസ്തി താരങ്ങളോട് സംസാരിക്കാത്തത്? എന്നാല്‍ രാജ്യം അവരോടൊപ്പമുണ്ട്. ഒരുമിച്ച് നിന്ന് അനീതിയ്‌ക്കെതിരേ പോരാടുന്ന ഗുസ്തി താരങ്ങളില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്'- പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
റസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ഏഴ് വനിതാതാരങ്ങള്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് ഇതിനോടകം രണ്ട് കേസുകളെടുത്തുകഴിഞ്ഞു. കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പുകള്‍ പ്രകാരവുമാണ് രണ്ടുകേസുകളെന്ന് ന്യൂഡല്‍ഹി ഡി.സി.പി. അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത പരാതിക്കാരിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് കമ്മിഷണറോട് നിര്‍ദേശിച്ച സുപ്രീംകോടതി കേസ് മേയ് അഞ്ചിലേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച വിഷയം പരിഗണിച്ചപ്പോള്‍ത്തന്നെ, ഗുസ്തിതാരങ്ങളുടെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യുമെന്ന് പോലീസിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പുനല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പരാതിക്കാരിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. 40 കേസുകള്‍ നേരിടുന്നയാളാണ് ബ്രിജ് ഭൂഷണെന്നും സിബല്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത പരാതിക്കാരിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന വിഷയം പരിശോധിച്ച് നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസ് കമ്മിഷണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മേയ് അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.
Content Highlights: Priyanka Gandhi Meets Wrestlers At Jantar Mantar, Expresses Solidarity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..