ബുദാപെസ്റ്റ്: ഇന്ത്യ ഒരു സ്വര്‍ണ മെഡല്‍ നേടിയിരിക്കുന്നു. പക്ഷേ അത് ടോക്യോ ഒളിമ്പിക്‌സില്‍ അല്ല. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍ നിന്നാണ് ഈ സ്വര്‍ണനേട്ടം. ഗുസ്തി താരം പ്രിയ മാലിക്കാണ് ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം സമ്മാനിച്ചത്. 

ലോക കേഡറ്റ് റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് പ്രിയ ഒന്നാമതെത്തിയത്. ഫൈനലില്‍ ബെലാറസ് താരം കെനിയ പറ്റപോവിച്ചിനെ 5-0ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. 

2019-ല്‍ പുണെയില്‍ നടന്ന ഖേലോ ഇന്ത്യയുടെ എഡിഷനിലും അതേ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും പ്രിയ സ്വര്‍ണം നേടിയിരുന്നു. പാറ്റ്‌നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും താരം ഒന്നാമതെത്തി. 

ഇന്ത്യയുടെ മറ്റു താരങ്ങളായ ജസ്‌കരന്‍ സിങ്ങ് വെള്ളിയും വര്‍ഷ വെങ്കലവും നേടി. പഞ്ചാബില്‍ നിന്നുള്ള ജസ്‌കരന്റെ പ്രായം 16 വയസ്സാണ്. 65 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ ദുയ്ഗു ജെന്നിനെ കീഴടക്കിയാണ് വര്‍ഷ വെങ്കലം കഴുത്തിലണിഞ്ഞത്.

Content Highlights: Priya Malik Clinches Gold For India At World Cadet Wrestling Championship In Hungary