മുംബൈ:  കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ഇ-പാസ് ഇല്ലാതെ യാത്ര ചെയ്ത ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം പൃഥ്വി ഷായെ പോലീസ് തടഞ്ഞു. അവധി ആഘോഷിക്കാനായി ഗോവയിലേക്ക് പോകുന്ന വഴിയാണ് പൃഥ്വി ഷായെ പോലീസ് തടഞ്ഞത്.

ബുധനാഴ്ച്ച അമ്പോളിയില്‍വെച്ചാണ് സംഭവം. കോലാപുര്‍ വഴി ഗോവയിലേക്ക് പോകുകയായിരുന്നു പൃഥ്വി ഷാ. ഇ-പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ താരം കുരുങ്ങി. പിന്നീട് അവിടെവെച്ച് മൊബൈല്‍ ഫോണ്‍ വഴി പൃഥ്വി ഷാ പാസിന് അപേക്ഷിക്കുകയും അതു ലഭിച്ചശേഷം പോലീസിനെ കാണിക്കുകയും ചെയ്തു. അതിനുശേഷമാണ് താരത്തെ യാത്ര തുടരാന്‍ അനുവദിച്ചത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വി ഷാ മികച്ച ഫോമിലായിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും പൃഥ്വി ഷായ്ക്ക് ഇടം കണ്ടെത്താനായില്ല.

Content Highlights: Prithvi Shaw stopped for travelling without pass