മുംബൈ: യുവതാരം പൃഥ്വി ഷാ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് 16 മാസങ്ങളായി. ഇതുവരെ വീണ്ടും ടീമില്‍ തിരിച്ചെത്താന്‍ പൃഥ്വി ഷായ്ക്ക് കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ പരിക്കും കളത്തിന് പുറത്തെ പെരുമാറ്റവുമാണ് താരത്തിന്‌ വിനയാകുന്നത്. എട്ടു മാസത്തെ വിലക്കിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഷാ രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടി വരവറിയിച്ചു. ഷായുടെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയായിരുന്നു അത്. എന്നാല്‍ പുതുവര്‍ഷത്തില്‍ കര്‍ണാടകയ്‌ക്കെതിരായ രഞ്ജി മത്സരത്തില്‍ യുവതാരത്തിന്‌ വീണ്ടും പരിക്കേറ്റു.

ഇടതു തോളിനാണ് പരിക്ക്. നിലവില്‍ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലുള്ള പൃഥ്വി ഷായ്ക്ക് മൂന്ന് ആഴ്ച്ചയോളം കളത്തിലിറങ്ങാനാകില്ല. ഇതോടെ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ ഷായുടെ സ്ഥാനം ത്രിശങ്കുവിലായി.

ഇരട്ട സെഞ്ചുറി പ്രകടനമാണ് പൃഥ്വി ഷായ്ക്ക് ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള അവസരമൊരുക്കിയത്.  ക്രെസ്റ്റ്ചര്‍ച്ചിലും ലിങ്കണിലുമായി നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങളിലേക്കാണ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ മത്സരം ജനുവരി 30-നും രണ്ടാം മത്സരം ഫെബ്രുവരി 10-നും ആരംഭിക്കും. അപ്പോഴേക്കും ഷായുടെ പരിക്ക് മാറാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ തിരച്ചെത്താനുള്ള സുവര്‍ണാവസരം കൂടിയാണ് ഷായ്ക്ക് നഷ്ടമാകുന്നത്. 

പരിക്ക് മാത്രമല്ല, പൃഥ്വി ഷായുടെ കളത്തിന് പുറത്തുള്ള പെരുമാറ്റത്തെ കുറിച്ച് വ്യാപകമായ പരാതികളുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുമായി ശ്രദ്ധ നേടിയ മായങ്ക് അഗര്‍വാളിന് മുമ്പ് ദേശീയ ടീമില്‍ ഇടം നേടിയിട്ടും അതുപയോഗിക്കാനാകാതെ പോയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പൃഥ്വി ഷായ്ക്ക് മാത്രമാണെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

'പൃഥ്വി ഷായുടെ പെരുമാറ്റദൂഷ്യത്തെ കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതിലെതെങ്കിലുമൊരു സംഭവം ഇവിടെ എടുത്തുപറയാന്‍ എനിക്ക് താത്പര്യമില്ല. അടുത്തിടെ ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് ഇതില്‍ അവസാന പരാതി ഉയര്‍ന്നത്. ഈ സംഭവത്തെ തുടര്‍ന്ന് മുംബൈയുടെ മാനേജര്‍ ദേഷ്യത്തിലായിരുന്നു. ഇക്കാര്യം അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തു. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഇക്കാര്യങ്ങളെ കുറിച്ച് ആരെങ്കിലും ഷായോട് സംസാരിക്കണം.' താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നേരത്തെ ഉത്തേജക മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എട്ടു മാസം വിലക്കിലായിരുന്നു ഷാ. അരക്കെട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരിക്കെയാണ് വിലക്ക് ലഭിച്ചത്. ജലദോഷത്തിനുള്ള മരുന്നുകളിലുള്ള ടെര്‍ബ്യൂട്ടാലിന്‍ ആയിരുന്നു ഷായുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. കഫ് സിറപ്പ് ഉപയോഗിച്ചിരുന്നെന്നും അതില്‍ ടെര്‍ബ്യൂട്ടാലിന്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ലെന്നുമായിരുന്നു ഷാ നല്‍കിയ വിശദീകരണം. 

തിരിച്ചുവരവിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണ് ഷാ പുറത്തെടുത്തത്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഹിതം 240 റണ്‍സാണ് ഷാ നേടിയത്. ഇതിന് പിന്നാലെ രഞ്ജി സീസണില്‍ ബറോഡയ്‌ക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ 66-ഉം രണ്ടാം ഇന്നിങ്‌സില്‍ 202-ഉം റണ്‍സും യുവതാരം നേടി. ഈ മത്സരത്തില്‍ മുംബൈ 309 റണ്‍സിന് വിജയിക്കുകയും ചെയ്തു.

Content Highlights: Prithvi Shaw lifestyle series of misconducts in danger of missing New Zealand Tests