Image Courtesy: Getty Images
30വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചെമ്പട വീണ്ടുമൊരിക്കല്‍ കൂടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡില്‍ എത്തിച്ചിരിക്കുകയാണ്. സ്വപ്‌നതുല്യമായ കുതിപ്പാണ് ഈ സീസണില്‍ ലിവര്‍പൂള്‍ നടത്തിയത്. ലീഗില്‍ 31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 86 പോയന്റ് നേടിയാണ് ചെമ്പട കിരീടം സ്വന്തമാക്കിയിരിക്കുന്നത്.
ലീഗില്‍ ഏഴു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചെമ്പട തങ്ങളുടെ 19-ാം കിരീടം ഉറപ്പിച്ചത്. ഇതോടെ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും നേരത്തെ കിരീടം ഉറപ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ക്ലോപ്പിന്റെ കുട്ടികള്‍ സ്വന്തമാക്കി. 2000-2001 സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും 2017-2018 സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും അഞ്ച് മത്സരം ബാക്കി നില്‍ക്കെ കിരീടം സ്വന്തമാക്കിയിരുന്നു.
1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ അവസാന ലാപ്പില്‍ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ആന്‍ഫീല്‍ഡിലെത്തിക്കാന്‍ അവര്‍ക്കായി. രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ 23 പോയന്റ് മുന്നിലാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗ് ജേതാക്കളാകുന്ന ടീമിന്റെ ഏറ്റവും മികച്ച ലീഡ് കൂടിയാണ് ഇത്തവണ ലിവര്‍പൂളിന്റേത്.
ലിവര്‍പൂളിനെ മറ്റൊരു റെക്കോഡു കൂടി കാത്തിരിക്കുന്നുണ്ട്. ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് 15 പോയന്റ് കൂടി നേടാനായാല്‍ ഒരു സീസണില്‍ ഏറ്റവുമധികം പോയന്റ് നേടുന്ന പ്രീമിയര്‍ ലീഗ് ക്ലബ് എന്ന റെക്കോഡും ചെമ്പടയ്ക്ക് സ്വന്തമാകും. 2017-18 സീസണില്‍ 100 പോയന്റ് നേടിയ സിറ്റിയാണ് മുന്നില്‍.

ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഈ സീസണില്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിക്കാനായാല്‍ ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ 19 ഹോം മത്സരങ്ങളും ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും ചെമ്പടയ്ക്ക് സ്വന്തമാക്കാം.
ലീഗില്‍ ഇതുവരെ 28 മത്സരങ്ങള്‍ ലിവര്‍പൂള്‍ വിജയിച്ചുകഴിഞ്ഞു. അഞ്ചു വിജയങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന സിറ്റിയുടെ (32) റെക്കോഡ് ചെമ്പടയ്ക്ക് പഴങ്കഥയാക്കാം.
നിലവില്‍ 15 ഏവേ മത്സരങ്ങളില്‍ 12 എണ്ണത്തിലും ലിവര്‍പൂള്‍ ജയം നേടിക്കഴിഞ്ഞു. ശേഷിക്കുന്ന നാല് എവേ മാച്ചുകള്‍ കൂടി ജയിക്കാനായാല്‍ 2017-18 സീസണില്‍ 16 എവേ ജയങ്ങളെന്ന സിറ്റിയുടെ റെക്കോഡിനൊപ്പമെത്താനും ലിവര്‍പൂളിനാകും.
ലീഗിന്റെ തുടക്കത്തില്‍ തന്നെ മികച്ച മുന്നേറ്റമാണ് ചെമ്പട നടത്തിയത്. ആദ്യത്തെ എട്ടു മത്സരങ്ങളിലും ജയം. ഒരു ഘട്ടത്തില്‍ 2003-04 സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ ആഴ്സനലിന്റെ റെക്കോര്‍ഡിനൊപ്പം ലിവര്‍പൂള്‍ എത്തുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ ഫെബ്രുവരി 29-ന് നടന്ന മത്സരത്തില്‍ ചെമ്പടയെ 3-0ന് മുക്കിയ വാട്ട്‌ഫോര്‍ഡ് ആ പ്രതീക്ഷ അവസാനിപ്പിച്ചു. ഈ സീസണില്‍ ഇതുവരെ ലിവര്‍പൂളിനേറ്റ ഏക പരാജയവും ഇതു തന്നെ.
Content Highlights: Premier League List of records Liverpool could break in 2019-20 season
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..