ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിള്‍സില്‍ എസ്.എല്‍ 3 വിഭാഗത്തിലാണ് ശനിയാഴ്ച പ്രമോദ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. പാരാലിമ്പിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. 

ഇതേയിനത്തില്‍ ഇന്ത്യയുടെ മനോജ് സര്‍ക്കാരിനാണ് വെങ്കലം. 

45 മിനിറ്റ് നീണ്ട ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയല്‍ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ജയം. 

ഈ വിഭാഗത്തില്‍ പ്രമോദാണ് ലോക ഒന്നാം നമ്പര്‍ താരം. ബെതെല്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. ഒഡിഷ സ്വദേശിയായ പ്രമോദ് ചെറുപ്പത്തില്‍ തന്നെ പോളിയോ ബാധിതനായി, ഇടത്തേ കാലിന്റെ സ്വാധീനം കുറഞ്ഞു. എന്നിട്ടും തളരാതെ ബാഡ്മിന്റണെ സ്നേഹിച്ച താരം മൂന്ന് തവണ ലോക ചാമ്പ്യനായി.

അതേസമയം, ജപ്പാന്റെ ദയ്‌സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (22-20, 21-13) തകര്‍ത്താണ് മനോജ് സര്‍ക്കാര്‍ വെങ്കലം സ്വന്തമാക്കിയത്. 

ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ നാല് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി. നിലവില്‍ 25-ാം സ്ഥാനത്താണ് ഇന്ത്യ. 

Content Highlights: Pramod Bhagat wins historic gold medal in Paralympics badminton