ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ 14-ാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ 3 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലില്‍ പ്രവേശിച്ചു. 

ജപ്പാന്റെ ദയ്‌സുകി ഫുജിഹരയെ കീഴടക്കിയാണ് പ്രമോദ് ഫൈനലിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-11, 21-16

ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്റെ എതിരാളി. സെമിയില്‍ ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. മനോജ് വെങ്കല മെഡലിനായി മത്സരിക്കും. 

ഈ വിഭാഗത്തില്‍ പ്രമോദാണ് ലോക ഒന്നാം നമ്പര്‍ താരം. ബെതെല്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. ഒഡിഷ സ്വദേശിയായ പ്രമോദ് ചെറുപ്പത്തില്‍ തന്നെ പോളിയോ ബാധിതനായി, ഇടത്തേ കാലിന്റെ സ്വാധീനം കുറഞ്ഞു. എന്നിട്ടും തളരാതെ ബാഡ്മിന്റണെ സ്‌നേഹിച്ച താരം മൂന്ന് തവണ ലോക ചാമ്പ്യനായി. 

Content Highlights: Pramod Bhagat enters final, assures India of at least a silver in Men's Singles Para-badminton